പാരീസ്: പേസിനും ഭൂപതിക്കും സാനിയയ്‌ക്കും പിന്നാലെ ബൊപ്പണ്ണയും ഗ്രാന്‍സ്ലാം കിരീടം നേട്ടത്തിന്റെ നിറവില്‍. ഇന്ത്യന്‍ താരം രോഹന്‍ ബൊപ്പണ്ണ ഉള്‍പ്പെട്ട സഖ്യത്തിന് ഫ്രഞ്ച് ഓപ്പണ്‍ മിക്‌സഡ് ഡബിള്‍സ് കിരീടം. ബൊപ്പണ്ണയും കനേഡിയന്‍ പങ്കാളി ഗാബ്രിയേല ഡാര്‍ബോവ്‌സ്‌കിയും ചേര്‍ന്ന സഖ്യമാണ് മിക്‌സഡ് ഡബിള്‍സ് കിരീടം നേടിയത്. ആവേശകരമായ ഫൈനലില്‍ ടൂര്‍ണമെന്റിലെ ഏഴാം സീഡായിരുന്ന ബൊപ്പണ്ണ-ഡാര്‍ബോവ്‌സ്‌കി സഖ്യം സീഡ് ചെയ്യപ്പെടാത്ത ഗ്രോനെഫെല്‍ഡ്-ഫറാ സഖ്യത്തെയാണ് തോല്‍പ്പിച്ചത്. സ്‌കോര്‍ 2-6, 6-2, 12-10. ആദ്യം സെറ്റില്‍ നിലംപരിശായെങ്കിലും രണ്ടാം സെറ്റില്‍ ബൊപ്പണ്ണ സഖ്യം ഗംഭീരമായി തിരിച്ചുവന്നു. പൊരിഞ്ഞ പോരാട്ടത്തിനൊടുവില്‍ മൂന്നാം സെറ്റും കിരീടവും നേടി ബൊപ്പണ്ണ സഖ്യം ചരിത്രമെഴുതുകയായിരുന്നു. ബൊപ്പണ്ണയുടെ കരിയറില്‍ ഇത് രണ്ടാം തവണയാണ് ഗ്രാന്‍സ്ലാം ഫൈനല്‍ കളിക്കുന്നത്. ഗ്രാന്‍സ്ലാം കിരീടം നേടുന്ന നാലാമത്തെ ഇന്ത്യന്‍ താരമാണ് ബൊപ്പണ്ണ. നേരത്തെ ലിയാന്‍ഡര്‍ പേസ്, മഹേഷ് ഭൂപതി, സാനിയ മിര്‍സ തുടങ്ങിയവര്‍ ഡബിള്‍സിലും മിക്‌സഡ് ഡബിള്‍സിലുമായി നിരവധി ഗ്രാന്‍സ്ലാം കിരീടങ്ങള്‍ നേടിയിട്ടുണ്ട്. ഫ്രഞ്ച് ഓപ്പണ്‍ കിരീടം നേടിയ ബൊപ്പണ്ണയെ സാനിയ മിര്‍സ ട്വിറ്ററിലൂടെ അഭിനന്ദിച്ചു.