ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ബ്രസീലും അര്‍ജന്റീനയും ഇന്ന് പതിനാലാം റൗണ്ട് മത്സരത്തിനിറങ്ങുന്നു. ബ്രസീലിന് പരാഗ്വേയും അര്‍ജന്റീനയ്ക്ക് ബൊളീവിയയുമാണ് എതിരാളികള്‍.

പതിമൂന്ന് കളികളില്‍ ഒന്‍പതിലും ജയിച്ച് റഷ്യയിലേക്കുള്ള ടിക്കറ്റ് ഏറക്കുറെ ഉറപ്പിച്ചാണ് എല്ലാ ലോകകപ്പിലും കളിച്ചിട്ടുള്ള ഏക ടീമായ ബ്രസീല്‍ പരാഗ്വയെ നേരിടുന്നത്. മേഖലയില്‍ ഒന്നാമതുള്ള ബ്രസീലിനുള്ളത് മുപ്പത് പോയിന്റ്. പരാഗ്വേയ്ക്ക് പതിനെട്ട് പോയിന്റും. കഴിഞ്ഞയാഴ്ച ഉറൂഗ്വേയെ ഒന്നിനെതിരെ നാല് ഗോളിന് തോല്‍പിച്ച ആത്മവിശ്വാസവുമായാണ് നെയ്മറും സംഘവുമിറങ്ങുന്നത്. ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ ആറേകാലിനാണ് മത്സരം. 

അര്‍ജന്റീന സെര്‍ജിയോ അഗ്യൂറോയെ ടീമില്‍ നിന്ന് ഒഴിവാക്കിയാണ് ബൊളീവിയയെ അവരുടെ നാട്ടില്‍ നേരിടുന്നത്. സസ്‌പെന്‍ഷനിലായ മഷറാനോ, ഹിഗ്വയ്ന്‍, ഓട്ടമെന്‍ഡി, ബിഗ്ലിയ എന്നിവരും അര്‍ജന്റൈന്‍ നിരയിലുണ്ടാവില്ല. 22 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് അര്‍ജന്റീന, ഏഴു പോയിന്റുള്ള ബൊളീവിയ ഒന്‍പതാമതും. ബൊളീവിയയിലെ കാലാവസ്ഥയായിരിക്കും അര്‍ജന്റീന നേരിടുന്ന പ്രധാന വെല്ലുവിളി. രാത്രി ഒന്നരയ്ക്കാണ് പോരാട്ടം. മറ്റ് മത്സരങ്ങളില്‍ ഉറുഗ്വേ, പെറുവിനെയും ചിലി, വെനസ്വേലയെയും ഇക്വഡോര്‍ കൊളംബിയയെയും നേരിടും.