സാവോപോള: ലോകകപ്പ് ഫുട്ബോള്‍ യോഗ്യത മല്‍സരത്തില്‍ ഇക്വഡോറിനെതിരെ ബ്രസീലിന് തകര്‍പ്പന്‍ ജയം. 2-0 നാണ് മുന്‍ ലോക ചാമ്പ്യന്‍മാര്‍ ഇക്വഡോറിനെ തകര്‍ത്തത്. രണ്ടാം പകുതിയില്‍ പൗളീഞ്ഞോയും പകരക്കാരന്‍ കുട്ടീന്യോയുമാണ് ബ്രസീലിനായി വലകുലുക്കിയത്. 68-ാം മിനുറ്റില്‍ കോര്‍ണ്ണറില്‍ നിന്നാണ് പൗളീഞ്ഞോ ഗോള്‍ നേടിയത്. ഗബ്രിയേല്‍ ജീസസും റെനര്‍റ്റോ അഗസ്റ്റോയ്ക്ക് പകരമെത്തിയ കുട്ടീന്യോയും ചേര്‍ന്ന് നടത്തിയ നീക്കമാണ് 75-ാം മിനുറ്റില്‍ ഗോളിലേക്ക് വഴി തുറന്നത്. നെയ്മര്‍ ഒറ്റയാള്‍ പോരാട്ടത്തിന് ശ്രമിച്ചെങ്കിലും ഗോള്‍ നോടാനായില്ല.

ബ്രസീലിന്‍റെ തുടര്‍ച്ചയായ ഒമ്പതാം വിജയമാണിത്. തോല്‍വിയോടെ ഇക്വഡോര്‍ പോയിന്‍റ് പട്ടികയില്‍ ഏഴാം സ്ഥാനത്തായി. 15 മല്‍സരങ്ങളില്‍ നിന്ന് 36 പോയിന്‍റുമായി ബ്രസീലാണ് ലാറ്റിനമേരിക്കന്‍ ഗ്രൂപ്പില്‍ ഒന്നാമത്. ആദ്യ പകുതിയില്‍ നിറം മങ്ങിയ കാനറികള്‍ രണ്ടാം പകുതിയില്‍ മിന്നും പ്രകടനം നടത്തുകയായിരുന്നു.

റഷ്യന്‍ ലോകകപ്പിന് കാനറിപ്പട ഇതിനകം യോഗ്യത നേടിയിട്ടുണ്ട്. ആദ്യ നാലു സ്ഥാനങ്ങളിലെത്തുന്നവരാണ് റഷ്യന്‍ ലോകകപ്പിന് യോഗ്യത നേടുക. ബ്രസീല്‍ ഇതുവരെ സ്വന്തം തട്ടകത്തില്‍ ലോകകപ്പ് യോഗ്യത മല്‍സരം തോറ്റിട്ടില്ല.