ബുണ്ടസ്‌ലിഗയുടെ ഓഫിഷ്യല്‍ ഫേസ്ബുക്ക് പേജിലും ക്രിസ്റ്റ്യാനോയ്ക്കെതിരേ ട്രോള്‍

മ്യൂനിച്ച്: ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഗോള്‍... ഒരു സംശയവും ഇല്ലാതെ പറയാം, ബൈസിക്കിള്‍ ഗോളുകളുടെ കാര്യത്തില്‍ ഏറ്റവും മികച്ച ഒരെണ്ണം. ഫുട്‌ബോള്‍ പണ്ഡിതര്‍ ക്രിസ്റ്റ്യാനോയുടെ സൂപ്പര്‍ ഗോളിനെ പുകഴ്ത്തി. എന്നാല്‍ ചിലരെങ്കിലും ഇതിന് മുന്‍പും ഇത്തരം ഗോളുകള്‍ പിറന്നിട്ടുണ്ടെ അഭിപ്രായത്തില്‍ ഉറച്ച് നിന്നു. സ്ലാട്ടന്‍ ഇബ്രാഹിമോവിച്ചും വെയ്ന്‍ റൂണിയും റൊണാള്‍ഡീഞ്ഞോ എന്നിവരുടെ ഗോളുകള്‍ ഇതിലും മികച്ചതായിരുന്നെന്ന അഭിപ്രായവും വന്നു. ട്രോളുകളും പിന്നാലെ വന്നു. 

ഏറ്റവും അവസാനമിതാ ബുണ്ടസ്‌ലിഗയുടെ ഓഫിഷ്യല്‍ ഫേസ്ബുക്ക് പേജും ക്രിസ്റ്റ്യാനോയുടെ ഗോളിനെ ട്രോള്‍ ചെയ്തു. തോമസ് മുള്ളര്‍ നേടിയ ഒരു ഗോളിന്റെ വീഡിയോ ദൃശ്യവും പോസ്റ്റ് ചെയ്തായിരുന്നു ട്രോള്‍. പെനാല്‍റ്റി ബോക്‌സില്‍ നിലതെറ്റി വീണുക്കൊണ്ടിരിക്കെ ബൈസിക്കിള്‍ കിക്കിലൂടെ മുള്ളര്‍ അതിമനോഹരമായി പന്ത് വലയിലെത്തിച്ചു. ഇങ്ങനെയൊരു ഗോള്‍ നേടാന്‍ ക്രിസ്റ്റിയാനോയ്ക്ക് സാധിക്കുമോ എന്നായിരുന്നു ചോദ്യം. ഇക്കാര്യത്തില്‍ ഞങ്ങള്‍ തോമസ് മുള്ളറെ തിരഞ്ഞെടുക്കുന്നുവെന്നും പോസ്റ്റില്‍ പറയുന്നു.

എന്നാല്‍ വീഡിയോയ്ക്ക് താഴെ കമന്റ് വന്നു. മുള്ളറെ ക്രിസ്റ്റിയാനോയുമായി താരതമ്യപ്പെടുത്തുക പോലും ചെയ്യരുതെന്ന് ഒരാള്‍ കമന്റിട്ടു. അതിന് വന്ന മറുപടിയാണ് ഏറെ രസകരം. അതിങ്ങനെയായിരുന്നു... സത്യമാണ്... മുള്ളറെ ഒരു സാധാരണ താരവുമായി ബന്ധപ്പെടുത്തുന്നത് അയാള്‍ക്കൊരു നാണക്കേടാണ്. ഇതായിരുന്നു ബുണ്ടസ്‌ലിഗ ഒഫിഷ്യല്‍ പേജിന്റെ മറുപടി.