ദക്ഷിണ മേഖലാ ജേതാക്കളായ കാലിക്കറ്റിന് അഖിലേന്ത്യാ ടൂര്‍ണമെന്റിലും എതിരാളികള്‍ ഉണ്ടായില്ല. ഫൈനലില്‍ തോല്‍പിച്ചത് നിലവിലെ ജേതാക്കലായ പഞ്ച് സര്‍വകലാശാലയെ, ഒന്നിനെതിരെ രണ്ട് ഗോളിന്. നാസറിന്റെ ഇരട്ടഗോളുകള്‍ കാലിക്കറ്റിനെ മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അഖിലേന്ത്യാ ചാന്പ്യന്‍മാരാക്കി. ഫറൂഖ് കോളേജിലെ മുഹമ്മദ് ഷെരീഫിന് കീഴിലിറങ്ങിയ ടീം ഗ്രൂപ്പ് ഘട്ടത്തില്‍ രണ്ടാം സ്ഥാനക്കാരായാണ് ക്വാര്‍ട്ടറിലെത്തിയത്. ക്വാര്‍ട്ടറില്‍ വീഴ്ത്തിയത് അണ്ണാമലൈ സര്‍വകലാശാലയെ. സെമിയിലെ എതിരാളികള്‍ ആതിഥേയരായ മിഡ്‌നാപൂര്‍ വിദ്യാസാഗര്‍ സര്‍വകലാശാല. തിണ്ണമിടുക്കും കയ്യാങ്കളിയും പുറത്തെടുത്തിട്ടും കാലിക്കറ്റ് ഒറ്റഗോള്‍ ജയവുമായി ഫൈനലിലേക്ക്. ഫൈനലിലും കോച്ച് സതീവന്‍ ബാലന്റെ തന്ത്രങ്ങള്‍ പിഴച്ചില്ല. രണ്ടാം തവണയാണ് സതീവന്‍ ബാലന്‍ കാലിക്കറ്റിലെ അഖിലേന്ത്യാ ജേതാക്കളാക്കുന്നത്.