മെല്‍ബണ്‍: പന്ത് ചുരണ്ടല്‍ വിവാദത്തില്‍ പുതിയ വെളിപ്പെടുത്തലുമായി സംഭവത്തില്‍ ഉള്‍പ്പെട്ട് വിലക്ക് അനുഭവിക്കുന്ന ഓസ്‌ട്രേലിയന്‍ താരം കാമറൂണ്‍ ബെന്‍ക്രോഫ്റ്റ്. തന്നെ പന്തില്‍ കൃത്രിമം കാണിക്കാന്‍ പ്രേരിപ്പിച്ചത് ഡേവിഡ് വാര്‍ണറായിരുന്നുവെന്ന് ബെന്‍ക്രോഫ്റ്റ് വെളിപ്പെടുത്തി. ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിന്റെ അനുവാദത്തോടെയാണ് വാര്‍ണര്‍ തന്നെ അതിന് പ്രേരിപ്പിച്ചതെന്നും ബെന്‍ക്രോഫ്റ്റ് വെളിപ്പെടുത്തി. 

ബെന്‍ക്രോഫ്റ്റ് തുടര്‍ന്നു... എന്നാല്‍ ഞാന്‍ ബലിയാടാവുകയായിരുന്നു എന്ന തോന്നല്‍ എനിക്കില്ലായിരുന്നു. അത് ചെയ്യാതിരിക്കാനുള്ള അവകാശം എനിക്കുണ്ടായിരുന്നു. എന്നാല്‍ അങ്ങനെ ഒരു തെറ്റ് ചെയ്യേണ്ടിവന്നു. നഷ്ടം എനിക്ക് തന്നെയാണ്. വലിയ വില നല്‍കേണ്ടി വന്നുവെന്നും ബെന്‍ക്രോഫ്റ്റ് കൂട്ടിച്ചേര്‍ത്തു. 

നേരത്തെ ഇക്കാര്യം ഓസ്‌ട്രേലിയന്‍ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഒമ്പത് മാസത്തെ വിലക്കാണ് ബെന്‍ക്രോഫ്റ്റിന് ഏര്‍പ്പെടുത്തിയിരുന്നത്. അടുത്ത 30ന് ബിഗ് ബാഷിലൂടെ ക്രിക്കറ്റിലേക്ക് തിരിച്ച് വരാന്‍ ഒരുങ്ങുകയാണ് ബെന്‍ക്രോഫ്റ്റ്.