ആംസ്റ്റർഡാം: കളിക്കിടെ ഗുരുതരമായി പരിക്കേറ്റ ആയാക്സ് യുവതാരം അബ്ദുൽ ഹക്ക് നൂറിക്ക് ഇനി കാൽപ്പന്തുകളിയിലേക്ക് തിരിച്ചുവരാനാകില്ല. വെർഡർ ബ്രെമനുമായുള്ള സന്നാഹ മത്സരത്തിൽ എതിർ ഡിഫൻഡറുമായി കൂട്ടിയിടിച്ചു അബോധാവസ്ഥയിൽ ആയ ഹോളണ്ട് ജൂനിയർ ടീം അംഗം കൂടിയായ മൊറോക്കോ വംശജൻ അബ്ദുൽ ഹക്ക് നൂറിയെ അപ്പോൾത്തന്നെ ഹെലികോപ്പ്റ്ററിൽ വിദഗ്‌ധ ചികിസക്കായി ആംസ്റ്റർഡാം യൂണി ക്ലിക്കിൽ പ്രവേശിപ്പിച്ചിരുന്നു. തലച്ചോറിന് അത്യന്തം ഗുരുതരമായ ക്ഷതമേറ്റതിനെത്തുടർന്നു അദ്ദേഹത്തെ സ്‌പെഷ്യൽ ക്ലിനിക്ക് ഇൻസ്‌ബെർഗിൽ പ്രവേശിപ്പിക്കുകയും കൃത്രിമ കോമയിൽ കിടത്തിയിരിക്കുകയും ചെയ്തു. എന്നാൽ ഇന്ന് രാവിലെ അയാക്സ് വെബ്സൈറ്റിലൂടെ ഭരണ സമിതി അംഗം എഡ്വിൻ വാൻ ഡെർ സാറിന്റെ പ്രസ്താവന പുറത്തുവന്നപ്പോഴാണ് ആ യുവ കളിക്കാരന്റെ പരുക്കിന്റെ ഗുരുതരാവാസസ്ഥയെക്കുറിച്ച് വ്യക്തമായ ചിത്രം ഫുട്ബോൾ ലോകം മനസിലാക്കിയത്.

'ഫുട്ബാളിനും അയാക്സിനും ഇതൊരു തീരാ നഷ്ടമാണ്. അബ്ദുൽ ഹക്ക് ഫുട്ബോളിന് മുതൽക്കൂട്ട് ആകേണ്ടിയിരുന്ന പ്രതിഭാസമാണ് . എന്നാൽ അതീവ ദുഖത്തോടെ വേദനിപ്പിക്കുന്ന ആ വിവരം ഞങ്ങൾ അറിയിക്കുന്നു, അദ്ദേഹത്തിന്റെ മസ്തിഷ്കത്തിനു ഏറ്റിരിക്കുന്ന പരുക്കുകൾ അത്രക്കും ഗുരുതരമാണ്. പൂർണ്ണ ആരോഗ്യവാനായി ഞങ്ങളുടെ പ്രിയ കളിക്കാരൻ ഇനി പുറത്തുവരില്ലെന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് അദ്ദേഹത്തെ പരിചരിക്കുന്ന ഇൻസ്ബർഗ് ആശുപത്രി അധികൃതരിൽ നിന്നും ഇപ്പോൾ അറിയുവാനായത്. അവന്റെ മാതാപിതാക്കളോടും സഹോദരീസഹോദരൻമ്മാരോടും കൂട്ടുകാരോടും ആരാധകരോടും ഞങ്ങൾ ഞങ്ങളുടെ തീരാ നഷ്ട്ടം പങ്കുവയ്ക്കുന്നു'. - വാൻ ഡെർ സാറിന്റെ ഈ കുറിപ്പ് ഫുട്ബോൾ പ്രേമികളുടെ കണ്ണ് നനയിച്ചു.

1997 ഏപ്രിൽ രണ്ടിന് മൊറോക്കയിൽ നിന്നുള്ള കുടിയേറ്റക്കാരായ ദമ്പതികളുടെ മകനായി ആംസ്റ്റർഡാമിൽ ജനിച്ച നൂറി നെതര്ലാന്ഡിന്റെ അണ്ടർ 15 മുതൽ 21 വരെയുള്ള എല്ലാ ടീമുകളിലും അംഗമായിരുന്നു, മധ്യനിരയിലെ പ്രതിരോധഭടനായിരുന്ന ഈ ഗോൾ ദാഹിയെ ഹോളണ്ടിന്റെ ഏറ്റവും മികച്ച ഭാവിവാഗ്ദാനമായി മാധ്യമങ്ങൾ വിശേഷിപ്പിച്ചിരുന്നു.