ഹൈദരാബാദ്: വനിതാ ലോകകപ്പില്‍ ഇന്ത്യയെ ഫൈനലിലേക്ക് നയിച്ച നായകി മിതാലി രാജിന് ഹൈദരാബാദ് ഡിസ്ട്രിക്ട് ബാഡ്മിന്റണ്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് വി.ചാമുണ്ഡേശ്വര്‍ നാഥിന്റെ വക അപ്രതീക്ഷിത സമ്മാനം. പുതുപുത്തന്‍ ബിഎംഡബ്ല്യു കാറാണ് ചാമുണ്ഡേശ്വര്‍ നാഥ് മിതാലിക്ക് സമ്മാനമായി നല്‍കുന്നത്.

നേരത്തെ ഒളിംപിക്സില്‍ മികച്ച പ്രകടനം പുറത്തെടുത്ത പി.വി.സിന്ധു, സാക്ഷി മാലിക്ക്, ദീപ കര്‍മാക്കര്‍ ബാഡ്മന്റണ്‍ പരിശീലകന്‍ പുലേല്ല ഗോപീചന്ദ് എന്നിവര്‍ക്കും ചാമുണ്ഡേശ്വര്‍നാഥ് ബിഎംഡബ്ല്യു കാറുകള്‍ സമ്മാനമായി നല്‍കിയിരുന്നു. ഇന്ത്യയില്‍ തിരിച്ചെത്തിയ മിതാലിക്ക് ഹൈദരാബാദില്‍വെച്ച് നടക്കുന്ന ചടങ്ങില്‍ സമ്മാനം കൈമാറുമെന്ന് ചാമുണ്ഡ‍േശ്വര്‍നാഥ് പറഞ്ഞു. ജൂനിയര്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ സെലക്ടറും ആന്ധ്രാപ്രദേശ് ടീമിന്റെ മുന്‍ നായകനുമായിരുന്നു ചാമുണ്ഡേശ്വര്‍നാഥ്.