ചെന്നൈ: പ്രമുഖ മോട്ടോര്‍ റേസിംഗ് താരം അശ്വിന്‍ സുന്ദറും ഭാര്യയും ഇന്ന് പുലര്‍ച്ചെ ചെന്നൈയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചു. മറീനാബീച്ചിനടുത്തുള്ള സാന്തോം ഹൈറോഡില്‍ ഇരുവരും സഞ്ചരിച്ച ബിഎംഡബ്ല്യു കാര്‍ നിയന്ത്രണം തെറ്റി വഴിയരികിലെ മരത്തിലിടിയ്‌ക്കുകയായിരുന്നു. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. ചെന്നൈ എം ആര്‍ സി നഗറിലുള്ള ഒരു സുഹൃത്തിന്‍റെ വീട്ടില്‍ നിന്ന് മടങ്ങുകയായിരുന്നു അശ്വിന്‍ സുന്ദറും ഭാര്യ നിവേദിതയും.
മറീനാ ബീച്ചിനടുത്തുള്ള സാന്തോം ഹൈറോഡില്‍ വന്‍ വേഗത്തില്‍ വന്ന ബിഎംഡബ്ല്യു കാര്‍ നിയന്ത്രണം തെറ്റി മരത്തിലിടിയ്‌ക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. അപകടത്തെത്തുടര്‍ന്ന് കാറില്‍ നിന്ന് അശ്വിനും നിവേദിതയും പുറത്തിറങ്ങി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും കാറിന്റെ വാതിലുകള്‍ അടഞ്ഞുപോയിരുന്നു. ഇതിനിടെ കാറിന്റെ മുന്‍വശത്ത് ഇടിയെത്തുടര്‍ന്ന് അഗ്നിബാധയുണ്ടാവുകയും വാഹനം പൂര്‍ണമായി അഗ്നിക്കിരയാവുകയും ചെയ്തു. കണ്ടുനിന്നവര്‍ ഇരുവരെയും രക്ഷിയ്‌ക്കാന്‍ ശ്രമിച്ചെങ്കിലും തീ കാരണം വാഹനത്തിനടുത്തെത്താന്‍ കഴിഞ്ഞില്ല.
തുടര്‍ന്ന് അഡയാറിലെ അഗ്നിശമനസേനാ ഓഫീസില്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് ഉദ്യോഗസ്ഥരെത്തിയാണ് തീയണച്ചത്. ഇരുവരുടെയും മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്താനായി റോയപ്പേട്ടയിലെ സര്‍ക്കാര്‍ ആശുപത്രിയിലേയ്‌ക്ക് മാറ്റിയിരിയ്‌ക്കുകയാണ്. വാഹനത്തിന്റെ നമ്പര്‍ നോക്കിയാണ് മരിച്ചത് അശ്വിനും ഭാര്യ നിവേദിതയുമാണെന്ന് പൊലീസ് തിരിച്ചറിഞ്ഞത്. വളരെ ചെറുപ്പത്തില്‍ത്തന്നെ റേസിംഗില്‍ മികവ് തെളിയിച്ച അശ്വിന്‍ 2012 ലും 13 ലും LGB F4 വിഭാഗത്തില്‍ ദേശീയചാംപ്യനായിരുന്നു. ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ഡോക്ടറായി ജോലി ചെയ്തുവരികയായിരുന്നു ഭാര്യ നിവേദിത.
