കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് നിരയിലെ അവസാന വിദേശ താരമാവാന്‍ മുന്‍ പോര്‍ട്ട്സ്മൂത്ത് മിഡ് ഫീള്‍ഡര്‍ കാള്‍ ബേക്കര്‍. ഫ്രീ ഏജന്‍റായ ബേക്കര്‍ ഇന്ത്യയിലേക്ക് വരുന്നതായി ബ്രിട്ടീഷ് മാധ്യമം കവന്‍ട്രി ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു. 34കാരനായ ബേക്കര്‍ കേരള ബ്ലാസ്റ്റേഴ്സുമായി ചര്‍ച്ച നടത്തുന്നതായാണ് റിപ്പോര്‍ട്ട്. വിവിധ ക്ലബുകള്‍ക്കായി 450ലേറെ തവണ ബൂട്ടണിഞ്ഞിട്ടുണ്ട്.
ലിവര്‍പൂള്‍ അക്കാദമിയിലൂടെ കരിയറാരംഭിച്ച സൗത്ത് പോര്‍ട്ട്, മൊരേക്കാമ്പ്, സ്റ്റോക്പോര്‍ട്ട് സിറ്റി, കവന്‍ട്രി സിറ്റി, പോര്‍ട്ട്സ്മൂത്ത് ക്ലബുകള്‍ക്കായി കളിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിലെ ഒന്നാംനിര ക്ലബായ പോര്‍ട്ട്സ്മൂത്തിനായാണ് 2016-17 സീസണില്‍ ബേക്കര്‍ കളിച്ചത്. പോര്‍ട്ട്സ്മൂത്തിനായി 50 മല്‍സരങ്ങളില്‍ നിന്ന് ഒമ്പത് ഗോളുകള്‍ നേടി. കവന്‍ട്രി സിറ്റിയുടെ മുന്‍ നായകനായ ബേക്കര്‍ 182 മല്‍സരങ്ങളില്‍ നിന്ന് 28 ഗോളുകളും നേടിയിട്ടുണ്ട്.
ഇയാം ഹ്യൂം, കരേജ് പെക്കൂസണ്‍, ലെമന്‍ജ ലകിക് പെസിക്, വെസ് ബ്രൗണ്‍, ദിമിതര്‍ ബെര്‍മറ്റോവ്, പോള്‍ റച്ച്ബുക്ക, മാര്‍ക്ക് സിഫിനോസ് എന്നീ ഏഴ് വിദേശ താരങ്ങള്‍ ഇതിനകം ബ്ലാസ്റ്റേഴ്സിലെത്തിക്കഴിഞ്ഞു. ഐഎസ്എല്ലില്‍ ആകെ എട്ട് വിദേശ താരങ്ങള്‍ക്കാണ് ഒരു ടീമില്‍ ചേരാനാവുക. മിലാന്‍ സിംഗും സിയാം ഹങ്കലും നേതൃത്വം നല്‍കുന്ന മധ്യനിരയില്‍ ബേക്കറുടെ സാന്നിധ്യം കരുത്തു പകരുമെന്നാണ് മാനേജ്മെന്‍റിന്‍റെ പ്രതീക്ഷ.
