ബീജിംഗ്: ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന ഫുട്ബോള്‍ താരമെന്ന ബഹുമതി അര്‍ജന്റീനിയന്‍ താരം കാര്‍ലോസ് ടെവസിന്. ഏറ്റവും പ്രതിഫലം പറ്റുന്ന താരമെന്ന റെക്കോര്‍ഡോടെ ചൈനീസ് ഫുട്ബോള്‍ ലീഗില്‍ പന്ത് തട്ടാനൊരുങ്ങുകയാണ് 32കാരനായ ടെവസ്. ചൈനീസ് ഫുട്ബോളിലെ റെക്കോര്‍ഡ് പ്രതിഫലത്തിന് ചൈനീസ് ക്ലബ് ഷാങ്ഹായ് ഷെങ്ഹുവയാണ് ടെവസിനെ സ്വന്തമാക്കിയത്. അഞ്ചുകോടി പന്ത്രണ്ട് ലക്ഷം രൂപയാണ് ടെവസിന് ഓരോ ആഴ്ചയും പ്രതിഫലമായി കിട്ടുക.

ട്രാന്‍സ്ഫര്‍ തുകയായി ഷാങ്ഹായ് ഷെങ്ഹുവ ടെവസിന്‍റെ ഇപ്പോഴത്തെ ക്ലബായ ബോക്ക ജൂനിയേഴ്‌സിന് 597 കോടി രൂപയാണ് നല്‍കേണ്ടത്.ലോക ഫുട്ബോളില്‍ ഏറ്റവും ഉയര്‍ന്ന ആറാമത്തെ ട്രാന്‍സ്ഫര്‍ തുക കൂടിയാണിത്. ബോക്ക ജൂനിയേഴ്‌സ് അക്കാദമിയിലൂടെ ക്ലബ് ഫുട്ബോളിലെത്തിയ ടെവസ് കൊറിന്ത്യന്‍സ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, മാഞ്ചസ്റ്റര്‍ സിറ്റി, യുവന്റസ് ക്ലബുകള്‍ക്കും കളിച്ചു.

അര്‍ജന്റീനയ്‌ക്കുവേണ്ടി 76 കളികളില്‍ നിന്ന് 13 ഗോളുകള്‍ നേടി. കഴിഞ്ഞയാഴ്ച നടന്ന തന്റെ വിവാഹ ചടങ്ങിനിടെ ടെവിസനോട് ആരാധകര്‍ അര്‍ജന്റീന വിട്ടുപോകരുതെന്ന് ആരാധകര്‍ അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ കോടികളുടെ കിലുക്കം ടെവസിന് ചൈനീസ് ഫുട്ബോളിലെത്തിച്ചു. കഴിഞ്ഞ ദിവസം ചെല്‍സിയുടെ ബ്രസീല്‍ താരം ഓസ്കാറിനെ ചൈനീസ് ക്ലബ് ഷാങ്ഹായ് ഐപിജി ക്ലബ് സ്വന്തമാക്കിയിരുന്നു.

എസേക്വില്‍ ലാവേസി, ഹര്‍ക്, റാമിറസ് , ഗെര്‍‍വീഞ്ഞോ, ടിം കാഹില്‍ അസമോവ ഗ്യാന്‍ തുടങ്ങിയ പ്രമുഖ താരങ്ങളും ചൈനീസ് ലീഗില്‍ കളിക്കുന്നുണ്ട്.