കഴിഞ്ഞ തവണത്തെ ഫൈനലിലെ എതിരാളിയായിരുന്ന നൊസോമി ഒകുഹാരയെ തോൽപിച്ചാണ് ലോക മൂന്നാം നമ്പർ താരമായ സിന്ധുവിന്‍റെ മുന്നേറ്റം

ലോക ബാഡ്മിന്‍റൺ ചാമ്പ്യൻഷിപ്പിൽ പി വി സിന്ധുവിന് ഇന്ന് കിരീടപ്പോരാട്ടം. സിന്ധു ഫൈനലിൽ കരോളിന മാരിനെ നേരിടും. ലോക രണ്ടാം നമ്പര്‍ താരം അകാനെ യമാഗൂച്ചിയെ നേരിട്ടുള്ള ഗെയ്മുകൾക്ക് തോൽപിച്ചാണ് സിന്ധുവിന്‍റെ ഫൈനൽ പ്രവേശം.

നിലവിലെ റണ്ണറപ്പാണ് സിന്ധു. കഴിഞ്ഞ തവണത്തെ ഫൈനലിലെ എതിരാളിയായിരുന്ന നൊസോമി ഒകുഹാരയെ തോൽപിച്ചാണ് ലോക മൂന്നാം നമ്പർ താരമായ സിന്ധുവിന്‍റെ മുന്നേറ്റം. ഫൈനലിൽ സിന്ധുവിനെ കാത്തിരിക്കുന്നത് ലോക ഏഴാം നമ്പർ കരോളിന മാരിൻ. ചൈനയുടെ ബിംഗ് ജിയാവോവയെ തോൽപിച്ചാണ് മാരിൻ ഫൈനലിലെത്തിയത്.

സിന്ധുവും മാരിനും ഇതിന് മുൻപ് 12 തവണ ഏറ്റുമുട്ടി. ഇരുവർക്കും ആറ് ജയം വീതം. ഒളിംപിക്സ് ഫൈനലിൽ മാരിനോടേറ്റ തോൽവിക്ക് പകരംവീട്ടാനുള്ള സിന്ധുവിന്‍റെ സുവർണാവസരം കൂടിയാണിത്. ഇന്ന് രാവിലെ 10 30 നാണ് ഫൈനല്‍ പോരാട്ടങ്ങള്‍ ആരംഭിക്കുന്നത്.