ചെന്നൈ: ഇന്ത്യന്‍ ടീമിന്റെ നായകന്‍ വിരാട് കോലിയായിരിക്കാം. എന്നാല്‍ നിര്‍ണായകസമയത്ത് ടീമിന്റെ നായകനാവുന്നത് വിക്കറ്റിന് പിന്നില്‍ നില്‍ക്കുന്ന മുന്‍ നായകന്‍ എംഎസ് ധോണി തന്നെയാണെന്ന് ചെന്നൈ ഏകദിനത്തിനിടെ സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത സംഭാഷണങ്ങള്‍ വ്യക്തമാക്കുന്നു. ടീമിലെ യുവ ബൗളര്‍മാര്‍ക്ക് കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയും ഓരോ ബാറ്റ്സ്മാനും എങ്ങനെ പന്തെറിയണമെന്ന് നിര്‍ദേശിച്ചും ധോണി ശരിക്കും ക്യാപ്റ്റനായി തിളങ്ങുന്നുവെന്നാണ് ഓസ്ട്രേലിയക്കെതിരായ ചെന്നൈ ഏകദിനത്തിടെ സ്റ്റംപ് മൈക്കില്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ട സംഭാഷണങ്ങള്‍ വ്യക്തമാക്കുന്നു.

കുല്‍ദീപ് യാദവിനെ മൂന്ന് സിക്സറിന് പറത്തി ഗ്ലെന്‍ മാക്സ്‌വെല്‍ ഇന്ത്യന്‍ ആരാധകരുടെ മനസില്‍ തീ കോരിയിട്ടപ്പോഴാണ് ധോണിയുടെ ഇടപെടല്‍ കളിയുടെ ഗതി മാറ്റിയത്. അടിക്കാനുള്ള പന്തെറിയാതെ അകത്തേക്കോ പുറത്തേക്കോ തിരിയുന്ന പന്തെറിയാന്‍ കുല്‍ദീപിനോട് ധോണി പറയുന്നത് സ്റ്റംപ് മൈക്കിലെ സംഭാഷണത്തിലുണ്ട്. ചാഹല്‍ പന്തെറിയാന്‍ വന്നപ്പോഴും പുറത്തേക്ക് ടേണ്‍ ചെയ്യുന്ന പന്തെറിയൂ എന്ന് ധോണി ഉപദേശിക്കുന്നുണ്ട്. ഒരുതവണ കുല്‍ദീപിനോട് വേണ്ട, വേണ്ട, ഇത്രയയും കയറ്റി എറിയേണ്ട എന്നും ധോണി പറയുന്ന സംഭാഷണത്തിലുണ്ട്. ചാഹലിനോട് പലതവണ പറഞ്ഞിട്ടും കേള്‍ക്കാതായപ്പോള്‍ ഞാന്‍ പറയുന്നത് കേള്‍ക്കുന്നില്ലേ, ഇതുപോലെ എറിയൂ എന്നും ധോണി ആവശ്യപ്പെടുന്നു.

സ്പിന്നര്‍മാര്‍ പന്തെറിയാനെത്തുമ്പോള്‍ അവര്‍ക്ക് വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതില്‍ ധോണി എപ്പോഴും ശ്രദ്ധാലുവാണ്. അശ്വിനും ജഡേജയുമെല്ലാം ധോണിയുടെ ഇത്തരം നിര്‍ദേശങ്ങളിലൂടെ നിരവധി തവണ ബാറ്റ്സ്മാന്‍മാരെ വീഴ്‌ത്തിയിട്ടുമുണ്ട്. ഫ്രണ്ട് ഫൂട്ടില്‍ കയറിക്കളിക്കാന്‍ ബാറ്റ്സ്മാന്‍ ശ്രമിക്കുന്നുവെന്ന് തിരിച്ചറിഞ്ഞാല്‍ വൈഡ് ബോളെറിയാന്‍ ധോണി സ്പിന്നര്‍മാരോട് പറയാറുണ്ട്. ഇത്തരത്തില്‍ നിരവധി തവണ ബാറ്റ്സ്മാന്‍മാരെ ധോണി സ്റ്റംപ് ചെയ്ത് പുറത്താക്കിയിട്ടുമുണ്ട്.

എന്തായാലും ബാറ്റിംഗില്‍ ഫോം മങ്ങിയപ്പോള്‍ ധോണിയെ മാറ്റണമെന്ന ആവശ്യം ശക്തമായിരുന്നെങ്കിലും വിക്കറ്റിനു പിന്നില്‍ ധോണിയുടെ വിലയറിയാവുന്ന കോലി അതിന് തയാറാവാതിരുന്നത് ഇക്കാരണങ്ങള്‍ കൊണ്ടുകൂടിയാണെന്ന് വ്യക്തം.