ന്യൂഡൽഹി: ദേശീയ വോളിബാള്‍ താരം ടോം ജോസഫിനെതിരായ വോളിബാള്‍ അസോസിയേഷൻ അച്ചടക്ക നടപടിക്കെതിരെ കേന്ദ്ര കായിക മന്ത്രാലയം. അസോസിയേഷന്‍ നടപടിക്ക് സാധുതയില്ലെന്ന് കായിക മന്ത്രാലയം വ്യക്തമാക്കി.

കായിക മന്ത്രാലയത്തിന്‍റെ അംഗീകാരമില്ലാത്ത അസോസിയേഷന് താരങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സാധിക്കില്ലെന്ന് മന്ത്രാലയം ജോയിന്‍റ് സെക്രട്ടറി രാജുവീര്‍ സിങ് മാധ്യമങ്ങളോട് പറഞ്ഞു. ഇന്ത്യന്‍ വോളിബാള്‍ ലീഗിന്‍റെ നടത്തിപ്പുമായി ബന്ധപ്പെട്ട് തര്‍ക്കം ഉടലെടുത്തിനെ തുടര്‍ന്ന് ഫെഡറേഷനെ രാജ്യാന്തര വോളിബാള്‍ ഫെഡറേഷന്‍ സസ്പെൻഡ് ചെയ്തു. കൂടാതെ കേന്ദ്ര കായിക മന്ത്രാലയം ഫെഡറേഷനെ പിരിച്ച് വിട്ട് അംഗീകാരം റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. അതിനാല്‍ സംസ്ഥാന വോളിബാള്‍ അസോസിയേഷനുകള്‍ക്കും അംഗീകാരമില്ല. ഇല്ലാത്ത അസോസിയേഷന് ടോം ജോസഫ് അടക്കമുള്ള കായിക താരങ്ങള്‍ക്കെതിരെ നടപടി എടുക്കാനാവില്ലെന്ന് രാജുവീര്‍ സിങ് വ്യക്തമാക്കി.

അതേസമയം, സംഭവം ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നും ആവശ്യമെങ്കില്‍ ഇരുവിഭാഗത്തെയും വിളിപ്പിക്കുമെന്നും കേന്ദ്ര കായിക മന്ത്രി വിജയ് ഗോയല്‍ മാധ്യമങ്ങളോട് പറഞ്ഞ‍ു. ടോംജോസഫിനെ പിന്തുണച്ച് ജിജി തോംസൺ കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു