മുംബൈ: പരിശീലക പദവിയില്‍ രവിശാസ്‌ത്രിക്കും നായക സ്ഥാനത്ത് കോലിക്കും ഇനിയുള്ള കാലം ഏറെ നിര്‍ണായകമാണ്. കോച്ചു വിവാദത്തെ തുട‍ര്‍ന്ന് കേട്ട വിമര്‍ശനങ്ങളെ മറികടക്കാന്‍ വന്‍ വിജയങ്ങള്‍ ഇരുവര്‍ക്കും അത്യാവശ്യമാണ്.

ഇന്ത്യന്‍ പരിശീലകനാവുമ്പോള്‍ രവി ശാസ്‌ത്രി നേരിടുന്ന വെല്ലുവിളികള്‍ ചെറുതല്ല.കോലിയുടെ താല്‍പര്യമാണ് പരിശീലക പദവിയിലെത്തച്ചത്. എന്നാല്‍ ഇന്ത്യന്‍ ആരാധകരെ സംബന്ധിച്ചിടത്തോളം അനില്‍ കുംബ്ലെയോളം ഫേവറൈറ്റ് കോച്ചല്ല രവി ശാസ്‌ത്രി.സൗരവ് ഗാംഗുലിയുടെ എതിര്‍പ്പ് വേറെ.ഇതു രണ്ടും രവി ശാസ്‌ത്രിയില്‍ ഉണ്ടാക്കിയേക്കാവുന്ന സമ്മര്‍ദ്ദം വളരെ വലുതാണ്.

ബൗളിംഗ് കോച്ചായി സഹീര്‍ഖാനെ നിയമിച്ചതം വിദേശ പര്യടനങ്ങളില്‍ ഉപദേശകനായി രാഹുല്‍ ദ്രാവിഡിനെ ചുമതലപ്പെടുത്തിയതും ഒരു മുന്നറിയിപ്പാണ് .ശാസ്‌ത്രിയുടെയും കോലിയുടേയും താല്‍പര്യത്തിനനുസരിച്ച് തീരുമാനമെടുകക്കാന്‍ ഗാംഗുലി ഒരുക്കമല്ലെന്ന മുന്നറിയിപ്പ്.

സാധാരണ ടീം കോച്ചിന്റെ താ‌ല്‍പര്യം കണക്കിലെടുത്താണ് സഹപരിശീലകരെയും സപ്പോര്‍ട്ടിംഗ് സ്റ്റാഫുകളേയും തീരുമാനിക്കുക എന്നാല്‍ ഇത്തവണ സ്ഥിതിമാറി. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ ഭരത് അരുണിനെ ബൗളിംഗ് കോച്ചാക്കാന്‍ രവിശാസ്‌ത്രി ആവശ്യപ്പെട്ടേക്കുമെന്നത് മുന്‍കൂട്ടി കണ്ടാണ് സഹീര്‍ഖാനെ പോലെ വലിയ ആരാധക പിന്തുണയുള്ള താരത്തെ നിയമിച്ചതും.

താനാഗ്രഹിക്കുന്ന പരിശീലകനെ നേടിയെടുത്ത കോലിക്ക് ഇനിയുള്ളതെല്ലാം നിര്‍ണായകമാണ്. പരമ്പരകള്‍ ജയിക്കണം. 2019 ല്‍ നടക്കാനിരിക്കുന്ന ലോകകപ്പില്‍ ജയം ഉറപ്പാക്കാണം. തന്റെ താല്‍പര്യം ശരിയായിരുന്നെന്ന് സ്ഥാപിക്കുകയും വേണം.