കളിയുടെ അവസാന വിസില്‍ മുഴങ്ങാന്‍ മിനിറ്റുകള്‍ മാത്രമുള്ളപ്പോള്‍ വലനിറച്ച ബ്രസീല്‍ താരം ഫിര്‍മിനോയുടെ ഗോളിന് മറുപടി നല്‍കാന്‍ നെയ്മര്‍-എംബാപെ-കവാനി ത്രയം അണിനിരന്ന പിഎസ്ജിക്ക് സാധിച്ചില്ല

ലിവര്‍പൂള്‍: വന്‍ താരനിരയുമായി ഇംഗ്ലീഷ് മണ്ണില്‍ വിജയം തേടിയിറങ്ങിയ ഫ്രഞ്ച് ടീം പിഎസ്ജിക്ക് തിരിച്ചടി. ചാമ്പ്യന്‍സ് ലീഗില്‍ ഫ്രഞ്ച് സംഘത്തിനെതിരെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ലിവര്‍പൂള്‍ വിജയക്കൊടി നാട്ടിയത്. ആന്‍ഫീല്‍ഡില്‍ ചുവപ്പ് കോട്ടയില്‍ രണ്ട് ഗോളിന് പിന്നിലായിട്ടും പിഎസ്ജി സമനില സ്വന്തമാക്കിയെങ്കിലും കളിയുടെ അവസാന വിസില്‍ മുഴങ്ങാന്‍ മിനിറ്റുകള്‍ മാത്രമുള്ളപ്പോള്‍ വലനിറച്ച ബ്രസീല്‍ താരം ഫിര്‍മിനോയുടെ ഗോളിന് മറുപടി നല്‍കാന്‍ നെയ്മര്‍-എംബാപെ-കവാനി ത്രയം അണിനിരന്ന പിഎസ്ജിക്ക് സാധിച്ചില്ല.

മുന്നേറ്റ നിരയിലെ മിന്നും താരങ്ങളുടെ പ്രൗഡി തെളിയിക്കാനുള്ള പോരാട്ടമായിരുന്നു ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് നടന്നത്. പിഎസ്ജിയുടെ ത്രയത്തിനെതിരെ മാനേ-സലാ-ഫിര്‍മിനോ എന്നിവര്‍ ലിവര്‍പൂളിന് വേണ്ടി ഇറങ്ങുമെന്ന് ആരാധകര്‍ കരുതി.

എന്നാല്‍, ക്ലോപ്പ് ആ തന്ത്രമൊന്ന് മാറ്റിപ്പിടിച്ചു. പരിക്ക് ചെറുതായി അലട്ടുന്ന ഫിര്‍മിനോയ്ക്ക് പകരം ആദ്യ ഇലവനില്‍ കളത്തിലിറങ്ങിയത് ഡാനിയേല്‍ സ്റ്റുറിഡ്ജ്. ആ തന്ത്രത്തിന് ഫലം കളി തുടങ്ങി 30-ാം മിനിറ്റില്‍ തന്നെ ലഭിച്ചു. ചെമ്പടയ്ക്ക് വേണ്ടി അഞ്ചാം വര്‍ഷം പന്ത് തട്ടുന്ന സ്റ്റുറിഡ്ജിന് ആദ്യമായാണ് ഒരു ചാമ്പ്യന്‍സ് ലീഗ് പോരാട്ടത്തിന്‍റെ ഒന്നാം ഇലവനില്‍ സ്ഥാനം കിട്ടുന്നത്.

ഇടത് വിംഗില്‍ നിന്ന് റോബര്‍ട്ട്സണിന്‍റെ തൊടുത്ത് വിട്ട പന്തില്‍ ചാടി തലവെച്ച സ്റ്റുറിഡ്ജിനെ തടയാന്‍ പിഎസ്ജിയുടെ പ്രതിരോധ നിര താരങ്ങള്‍ ആരുമുണ്ടായിരുന്നില്ല, ലിവര്‍ ഒരു ഗോളിന് മുന്നില്‍. പിഎസ്ജിക്ക് തിരിച്ചടി നല്‍കാനുള്ള സമയം ലഭിക്കുന്നതിന് മുന്‍പേ ലിവര്‍ അടുത്ത അടിയും നല്‍കി.

ഇത്തവണ പെനാല്‍റ്റിയുടെ രൂപത്തിലാണ് പിഎസ്ജി വലയില്‍ പന്ത് ചുംബിച്ചത്. ജിനാല്‍ഡുമിനെ ബര്‍നാട്ട് ബോക്സിനുള്ളില്‍ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി മില്‍നര്‍ പിഴയ്ക്കാതെ വലയിലെത്തിച്ചു. അപകടം മനസിലാക്കിയ പിഎസ്ജി നന്നായി പൊരുതി. ആദ്യ പകുതി അവസാനിക്കും മുമ്പ് തന്നെ രണ്ട് ഗോളിന്‍റെ കടം അവര്‍ ഒന്നായി ചുരുക്കി. ഇടത് വിംഗില്‍ നിന്ന് വന്ന ക്രോസ് ക്ലിയര്‍ ചെയ്യാന്‍ റോബര്‍ട്ട്സണിന്‍റെ സാധിച്ചില്ല.

പന്ത് ഇറങ്ങി വന്നത് മ്യൂണിയറിന്‍റെ കാല്‍പാകത്തിന്. താരത്തിന്‍റെ ഇടങ്കാലന്‍ ഷോട്ട് അലിസണിനെ മറികടന്ന് വലയില്‍ കയറി. ആദ്യ പകുതിയില്‍ കൂടുതല്‍ ഗോളുകള്‍ ഒന്നും പിറന്നില്ല. രണ്ടാം പകുതിയിലും ലഭിച്ച അവസരങ്ങള്‍ മുതലാക്കാന്‍ പിഎസ്ജിക്ക് കഴിയാതിരുന്നതോടെ കളി ലിവര്‍ സ്വന്തമാക്കുമെന്ന പ്രതീക്ഷയില്‍ ആരാധകര്‍ ആര്‍പ്പ് വിളികള്‍ തുടങ്ങി. പക്ഷേ, 83-ാം മിനിറ്റില്‍ അതുവരെയില്ലാത്ത ആവേശം കളിക്ക് വന്നു.

നെയ്മര്‍-എംബാപെ ദ്വയം ഫ്രഞ്ച് ടീമിനെ കളത്തിലേക്ക് തിരിച്ചെത്തിച്ചു. ലിവര്‍ പ്രതിരോധ നിര താരങ്ങളെ കാഴ്ചക്കാരാക്കി ബോക്സിലേക്ക് കുതിച്ച് എത്തിയത് നെയ്മറാണെങ്കിലും ഗോള്‍ നേടാന്‍ അവസരം ലഭിച്ചത് കെയ്‍ലിയന്‍ എംബാപെയ്ക്കാണ്. ആന്‍ഫീല്‍ഡ് ഇതോടെ കുറച്ച് സമയം നിശബ്ദമായി. അവിടെയും കളി അവസാനിച്ചിരുന്നില്ല. സൂപ്പര്‍ സബ്ബായി കളത്തിലിറങ്ങിയ ബ്രസീലിയന്‍ സ്റ്റാര്‍ ഫിര്‍മിനോ ഇഞ്ചുറി ടെെമില്‍ ലിവറിന്‍റെ വിജയഗോള്‍ പേരിലെഴുതി.

Scroll to load tweet…

ഫ്രഞ്ച് പ്രതിരോധത്തെ നിഷ്ഭ്രമമാക്കി ബോക്സിനുള്ളില്‍ ഫിര്‍മിനോ തൊടുത്ത ഷോട്ട് ഗോള്‍വര കടക്കുമ്പോള്‍ ആന്‍ഫീല്‍ഡില്‍ ആഘോഷങ്ങള്‍ തുടങ്ങി കഴിഞ്ഞിരുന്നു. മറ്റ് മത്സരങ്ങളില്‍ മോണോക്കോയെ സ്പാനിഷ് ക്ലബ് അത്‍ലറ്റിക്കോ മാഡ്രിഡ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് മറികടന്നു. കളിയുടെ ആദ്യ പകുതിയില്‍ എല്ലാ ഗോളുകളും പിറന്ന മത്സരത്തില്‍ ഡിയാഗോ കോസ്റ്റയും ഗിമിനസും അത്‍ലറ്റിക്കോയുടെ വിജയശില്‍പ്പികളായി.

ഷാല്‍ക്കേയും പോര്‍ട്ടോയും ഒരോ ഗോള്‍ വീതം അടിച്ച് സമനിലയില്‍ പിരിഞ്ഞപ്പോള്‍ ബോറൂഷ്യ ഡോര്‍ട്ട്മുണ്ട് ക്ലബ് ബ്രഗേയെ ഒരു ഗോളിന് മറികടന്നു. നാപ്പോളിയും വെസ്ഡയും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞപ്പോള്‍ ഗളത്സരെ ലോക്കോമോട്ടീവിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്തു.