കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ മൂന്ന് ഗോളുകളാണ് മെസി ചെല്‍സിക്കെതിരേ നേടിയത്.

ബാഴ്‌സലോണ: ചെല്‍സിയെ 3-0ന് തകര്‍ത്ത് ബാഴ്‌സലോണ യുവേഫ ചാംപ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടറില്‍. ഇരുപാദങ്ങളിലുമായി 4-1നായിരുന്നു ബാഴ്‌സയുടെ ജയം. മെസിയുടെ ഇരട്ട ഗോളും ഔസ്മാന്‍ ഡെംബേലയുടെ കന്നി ഗോളുമാണ് അന്റോണിയോ കോന്റയ്ക്കും സംഘത്തിനും പുറത്തേക്കുള്ള വഴിയൊരുക്കിയത്.

കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ മൂന്ന് ഗോളുകളാണ് മെസി ചെല്‍സിക്കെതിരേ നേടിയത്. ചെല്‍സിക്കെതിരേ ഗോള്‍ നേടുന്നില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് അറുതിവരുത്താനും മെസിക്കായി.

ചാംപ്യന്‍സ് ലീഗില്‍ വേഗത്തില്‍ 100 ഗോള്‍ തികയ്ക്കുന്ന റെക്കോഡും അര്‍ജന്റൈന്‍ താരത്തെ തേടിയെത്തി.

ക്യാംപ് നൂവില്‍ മൂന്നാം മിനിറ്റില്‍ തന്നെ മെസിയിലൂടെ ബാഴ്‌സ മുന്നിലെത്തി. സുവാരസിന്റെ സഹായത്താലായിരുന്നു ഗോള്‍. 20ാം മിനിറ്റില്‍ ബാഴ്‌സ ജേഴ്‌സില്‍ ഡെംബേലയുടെ കന്നി ഗോള്‍. മെസി നല്‍കിയ പാസില്‍ ഡെംബേലയുടെ വലങ്കാലന്‍ ഷോട്ട് വലയില്‍ പതിഞ്ഞു.

64ാം മിനിറ്റില്‍ മെസിയിലൂടെ ബാഴ്‌സ പട്ടിക പൂര്‍ത്തിയാക്കി. സുവാരസ് ഗോളിന് വഴിയൊരുക്കി. മറ്റൊരു മത്സരത്തില്‍ ബയേണ്‍ മ്യൂനിച്ച് 1-3ന് ടര്‍ക്കിഷ് ക്ലബ് ബസിക്റ്റാസിനെ തോല്‍പ്പിച്ചു. ഇരുപാദങ്ങളിലും 8-1ന്റെ ജയം നേടിയാണ് ജര്‍മന്‍ ചാംപ്യന്മാര്‍ അവസാന എട്ടിലെത്തിയത്.