ചെന്നൈ: വിമാനാപകടത്തില്‍ വിടപറഞ്ഞ അര്‍ജന്‍റൈന്‍ ഫുട്ബോളര്‍ എമിലിയാനോ സലയ്ക്ക് ആദരമര്‍പ്പിച്ച് ഐ എസ് എല്‍ ക്ലബ് ചെന്നൈയിന്‍ എഫ്‌ സിയുടെ ആരാധകര്‍. നാന്‍റെസില്‍ സലയുടെ ജഴ്‌സി നമ്പറായിരുന്ന ഒമ്പതാം നമ്പര്‍ സൂചിപ്പിച്ച് ബെംഗളൂരു എഫ്‌സിക്കെതിരായ മത്സരത്തില്‍ 9-ാം മിനുറ്റില്‍ ആരാധകര്‍ ഫ്ലാഷ്‌ ലൈറ്റ് തെളിയിച്ച് താരത്തെ അനുസ്‌മരിച്ചു.

ഫ്രാന്‍സിലെ നാന്‍റെസില്‍ നിന്ന് പുതിയ ക്ലബായ കാര്‍ഡിഫിലേക്കുള്ള യാത്രാമധ്യേ സല സഞ്ചരിച്ച ചെറു വിമാനം ഇംഗ്ലീഷ് ചാനലിന് മുകളില്‍ വെച്ച് കാണാതാവുകയായിരുന്നു. ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ ഇംഗ്ലീഷ് കടലിടുക്കിലെ ഗ്യൂണ്‍സേ ദ്വീപുകള്‍ക്ക് സമീപം വിമാനാവശിഷ്ടങ്ങള്‍ കണ്ടെത്തി. വിമാനാവശിഷ്ടങ്ങളില്‍ നിന്ന് കണ്ടെടുത്ത മൃതദേഹം എമിലിയാനോ സലയുടേതാണെന്ന് വിശദ പരിശോധനകളിലാണ് സ്ഥിരീകരിച്ചത്. 

സലയ്‌ക്ക് പുറമെ പൈലറ്റ് ഡേവിഡ് ഇബോട്സണ്‍ മാത്രമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ഇബോട്സന്റെ മൃതദേഹം ഇതുവരെ കണ്ടെത്തിയിട്ടില്ല. എമിലിയാനോ സലയുടെ അപ്രതീക്ഷിത വേര്‍പാടില്‍ വിതുമ്പുകയാണ് ഫുട്ബോള്‍ ലോകം. ഐ എസ് എല്ലില്‍ കഴിഞ്ഞ ദിവസം മുംബൈ സിറ്റി- ജെംഷഡ്പൂര്‍ എഫ്‌സി മത്സരത്തിന് മുന്‍പ് താരങ്ങളും ആരാധകരും സലയ്ക്ക് ആദരമര്‍പ്പിച്ച് ഒരു മിനുറ്റ് മൗനമാചരിച്ചിരുന്നു.