മുന്‍ ലോക ചാമ്പ്യനായ വിശ്വനാഥന്‍ ആനന്ദിനെ സമനിലയില്‍ തളച്ചാണ് നിഹാല്‍ സരിന്‍ കായികലോകത്ത് ശ്രദ്ധ നേടിയത്. കൊല്‍ക്കത്തയില്‍ രാജ്യാന്തര റാപിഡ് ചെസ് മത്സരത്തില്‍ എട്ടാം റൗണ്ടിലാണ് വിശ്വനാഥന്‍ ആനന്ദിനെ സമനിലയില്‍ കുടുക്കിയത്... 

തൃശൂര്‍: ചെസ് ഇതിഹാസം വിശ്വനാഥൻ ആനന്ദിനെ സമനിലയില്‍ തളച്ചതിൻറ ആത്മവിശ്വാസത്തിലാണ് 14കാരൻ നിഹാല്‍ സരിൻ. കൊല്‍ക്കത്തയില്‍ നടന്ന മത്സരത്തിനു ശേഷം നിഹാല്‍ തൃശൂര്‍ പൂത്തോളിലെ വീട്ടില്‍ മടങ്ങിയെത്തി. നിഹാല്‍ സരിൻ ഇന്ത്യയുടെ അൻപത്തിമൂന്നാം ഗ്രാൻറ്മാസ്റ്ററാണ്. 

ഏഴാം വയസ്സില്‍ ചെസ് കളിക്കാൻ തുടങ്ങിയപ്പോള്‍ മുതല്‍ ആരാധിച്ചിരുന്ന വിശ്വനാഥൻ ആനന്ദിനെ നേരിട്ട് കാണുക, പരിചയപ്പെടുക, പരസ്‌പരം മത്സരിക്കുക... എല്ലാം നിഹാലിന് ഒരു സ്വപ്നം പോലെയാണ്. രാജ്യാന്തര റാപിഡ് ചെസ് മത്സരത്തില്‍ എട്ടാം റൗണ്ടിലാണ് ആനന്ദിനെ നിഹാല്‍ സമനിലയില്‍ കുടുക്കിയത്. ആനന്ദില്‍ നിന്ന് ചെസിനെ കുറിച്ചുളള വിലയേറിയ ഒട്ടേറെ പാഠങ്ങളും നിഹാലിന് പഠിക്കാനായി.

ലോക യൂത്ത് ചെസ് ഒളിപ്യാഡില്‍ സ്വര്‍ണം കൊയ്ത നിഹാല്‍ അണ്ടര്‍ 14 ലോക ഒന്നാം നമ്പര്‍ താരമായിരുന്നു. ആനന്ദിനെ പോലെ ലോക ചെസ് ചാമ്പ്യൻ ആകണമെന്നാണ് ഡോക്ടര്‍ ദമ്പതികളായ സരിൻറെയും ഷിജിൻറെയും മൂത്ത മകനായ നിഹാലിൻറെ ലക്ഷ്യം.