മുബൈ: കരിയറില്‍ നിരവധി വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്ന നായകനാണ് എംഎസ് ധോണി. പരമിത ഓവര്‍ ക്രിക്കറ്റിലെ മികവ് ധോണിക്ക് ടെസ്റ്റില്‍ തുടരാനായില്ലെന്നായിരുന്നു പ്രധാന പരിഹാസം. എന്നാല്‍ ഇന്ത്യക്ക് കൂടുതല്‍ ടെസ്റ്റ് വിജയങ്ങള്‍ നേടിത്തന്ന നായകനാണ് ധോണിയെന്ന വസ്തുത മറന്നായിരുന്നു വിമര്‍ശനങ്ങള്‍ അധികവും. 60 മത്സരങ്ങളില്‍ ധോണിക്ക് കീഴിലിറങ്ങിയ ടീം 27 എണ്ണത്തില്‍ വിജയിച്ചിരുന്നു.

ടെസ്റ്റില്‍ നിന്ന് 2014ല്‍ വിരമിച്ച ധോണിയെ വിമര്‍ശിക്കുന്നവര്‍ക്ക് ചുട്ടമറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ചേതേശ്വര്‍ പൂജാര. ഇന്ത്യയിലും വിദേശത്തും ധോണിക്കും കോലിക്കും കീഴില്‍ വിജയിക്കുക മാത്രമായിരുന്നു ഇന്ത്യന്‍ ടീമിന്‍റെ ലക്ഷ്യം. കോലിക്ക് കീഴില്‍ ടീം ഇന്ത്യ മികച്ച പ്രകടനം കാഴ്ച്ചവെക്കുന്നു എന്നത് വസ്തുതയാണ്. എന്നാല്‍ മുന്‍ നായകന്‍ ധോണിയുടെ നേട്ടത്തെ പലരും മറക്കുകയാണെന്ന് പൂജാര കുറ്റപ്പെടുത്തി.  

ടീമിനെ ധോണി വളരെ ഉയരത്തിലെത്തിച്ചു, എന്നാല്‍ തുടക്കക്കാരന്‍ മാത്രമായ കോലി ഒരു ദിവസം ആ നേട്ടത്തില്‍ എത്തുമായിരിക്കും. ധോണിക്ക് കീഴില്‍ കളിക്കുന്നത് പ്രചോദനവും അംഗീകാരവുമാണെന്ന് പൂജാര പറയുന്നു. ടെസ്റ്റില്‍ രണ്ട് ക്യാപ്റ്റന്‍മാരുടെ കീഴിലും കളിച്ചുപരിചയമുള്ള താരമാണ് മധ്യനിരയില്‍ ഇന്ത്യയുടെ വിശ്വസ്തനായ പൂജാര.