ജോഹ്നാസ്‌ബര്‍ഗ്: പാവം പൂജാര, ആദ്യ രണ്ട് ടെസ്റ്റിലെ പരാജയത്തിന്റെ നാണക്കേട് മറയ്ക്കാന്‍ ഉറച്ച് മൂന്നാം ടെസ്റ്റില്‍ ക്രീസിലെത്തി. വന്‍മതില്‍പോലെ ഉറച്ചുനിന്നു. ഇതിനിടയ്ക്ക് ആദ്യ റണ്ണെടുക്കാന്‍ മറന്നുപോയെന്നത് വേറെകാര്യം. എന്തായാലും ക്ഷമയുടെ പര്യായമായി അര്‍ധസെഞ്ചുറി തികച്ചിട്ടും പൂജാരയ്ക്ക് ട്രോളന്‍മാരുടെ മുന്നില്‍ രക്ഷയില്ല. വൈകിയെത്തിയ പൂജാരയുടെ ആദ്യ റണ്ണിനെയും ക്ഷമയെയും കളിയാക്കി കൊല്ലുകയാണ് സോഷ്യല്‍ മീഡിയ.
രണ്ടാം ടെസ്റ്റില്‍ തുടര്‍ച്ചയായി രണ്ട് ഇന്നിംഗ്സിലും റണ്ണൗട്ടായി പുറത്തായതിന്റെ നാണക്കേട് മാറും മുമ്പാണ് അര്‍ധസെഞ്ചുറി നേടിയിട്ടും ഈ കളിയാക്കല്‍. ട്വിറ്ററിലും ഫേസ്ബുക്കിലുമെല്ലാം കളിയാക്കലാണ്. അതില്‍ മുന്‍താരങ്ങളും കമന്റേറ്റര്‍മാരും എല്ലാം ഉണ്ട്. 54-ാം പന്തില്‍ ആദ്യ റണ്‍ നേടിയ പൂജാരയോട് സെഞ്ചുറിയടിച്ചാലെന്നതുപോലെ കൈയടിച്ചാണ് ഡ്രസ്സിംഗ് റൂമിലുള്ള സഹതാരങ്ങള്‍പോലും പ്രതികരിച്ചത്.
