ഓറഞ്ച് കുപ്പായത്തില്‍ കളത്തിലിറങ്ങിയ ഇന്ത്യക്കായി മലയാളി താരം ആഷിഖ് കരുണിയനും (35) ലാലിയന്‍സ്വാല ചാങ്കതെയുമാണ് (47) ശ്രീലങ്കന്‍ വല തുളച്ചത്

ധാക്ക: സാഫ് കപ്പ് ഫുട്ബോളിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ മികച്ച വിജയമാണ് സ്വന്തമാക്കിയത്. ശ്രീലങ്കയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ഓറഞ്ച് കുപ്പായത്തില്‍ കളത്തിലിറങ്ങിയ ഇന്ത്യക്കായി മലയാളി താരം ആഷിഖ് കരുണിയനും (35) ലാലിയന്‍സ്വാല ചാങ്തെയുമാണ് (47) ശ്രീലങ്കന്‍ വല തുളച്ചത്.

അതില്‍ ചാങ്തെയുടെ ഗോള്‍ കണ്ട ഞെട്ടലിലാണ് ഇന്ത്യന്‍ ഫുട്ബോള്‍ ആരാധകര്‍. ആ ഗോള്‍ കണ്ടാല്‍ ആരാണെങ്കിലും ഒന്ന് മൂക്കത്ത് വിരല്‍ വച്ച് പോകും. അല്ലെങ്കില്‍ ശ്രീലങ്കന്‍ ഗോള്‍കീപ്പറെ പോലെ പന്ത് വലയില്‍ കയറിയത് എങ്ങനെയെന്ന് ആലോചിച്ച് ഒന്ന് നിന്ന് പോകും.

രണ്ടാം പകുതിയുടെ തുടക്കത്തിലാണ് ചാങ്തെയുടെ ഗോള്‍ വന്നത്. ഇടതു വിംഗില്‍ മിന്നുന്ന കുതിപ്പ് നടത്തിയ താരം ബോക്സ് ലക്ഷ്യമാക്കി ക്രോസ് ചെയ്തതാവാനേ തരമുള്ളൂ. പക്ഷേ, ഇടങ്കാലില്‍ നിന്ന് പാഞ്ഞ ആ ഷോട്ട് വളഞ്ഞ് ശ്രീലങ്കന്‍ ഗോള്‍ കീപ്പറുടെ കണക്കുക്കൂട്ടലുകള്‍ തെറ്റിച്ച് വലയിലേക്ക് പറന്നിറങ്ങുകയായിരുന്നു.