ആന്റിഗ്വ: വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ആരാധകരുടെ കാത്തിരിപ്പിന് വിരാമം. വിന്‍ഡീസിന്റെ ഏകദിന ടീമിലേക്ക് സൂപ്പര്‍താരങ്ങള്‍ തിരിച്ചുവരുന്നു. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള വിന്‍ഡീസ് ടീമിലേക്ക് ക്രിസ് ഗെയ്ല്‍, മര്‍ലോണ്‍ സാമുവല്‍ എന്നിവരെ തിരിച്ചുവിളിച്ചു. ക്രിസ് ഗെയില്‍ മൂന്ന് വര്‍ഷം മുമ്പും സാമുവല്‍സ് രണ്ടു വര്‍ഷം മുമ്പുമാണ് അവസാനമായി വിന്‍ഡീസ് കുപ്പായത്തില്‍ കളിച്ചത്.

2015ലെ ഏകദിന ലോകകപ്പിലായിരുന്നു ഗെയ്ല്‍ അവസാനമായി വിന്‍ഡീസിനായി കളിച്ചത്. എന്നാല്‍ സുനില്‍ നരെയ്നെയും ബ്രാവോ സഹോദരന്‍മാരെയും സെലക്ടര്‍മാര്‍ ഇത്തവണയും തഴഞ്ഞു. ദേശീയ ടീമിനായി കളിക്കാനുള്ള ആഗ്രഹം നരെയ്ന്‍ സെലക്ടര്‍മാരോട് വ്യക്തമാക്കിയിരുന്നെങ്കിലും ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ച് മികവു തെളിയിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

ഡാരന്‍ ബ്രാവോയെ സെലക്ഷന്‍ കമ്മിറ്റി പരിഗണിച്ചില്ലെന്നും ഡ്വയിന്‍ ബ്രാവോയ്ക്ക് പൂര്‍ണ കായികക്ഷമത ഉണ്ടെങ്കിലും അടുത്തവര്‍ഷത്തോടെ മാത്രമെ രാജ്യാന്തര ക്രിക്കറ്റിലേക്ക് മടങ്ങിവരുന്നുള്ളൂ എന്ന് അറിയിച്ചിരുന്നതായും സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കോര്‍ട്നി ബ്രൗണ്‍ പറഞ്ഞു. ജേസണ്‍ ഹോള്‍ഡ‍ര്‍ തന്നെയാണ് ഏകദിനത്തിലും വിന്‍ഡീസിനെ നയിക്കുക.