66 പന്തില്‍ ആറ് ഫോറും അഞ്ച് സിക്സറും സഹിതം ഗെയ്ല്‍ 73 റണ്‍സടിച്ചു. അഞ്ചാമത്തെ സിക്സര്‍ അടിച്ചതോടെ രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്സറടിക്കുന്ന ബാറ്റ്സ്മാനെന്ന പാക്കിസ്ഥാന്‍ മുന്‍ നായകന്‍ ഷാഹിദ് അഫ്രീദിയുടെ ലോകറെക്കോര്‍ഡിനൊപ്പം ഗെയ്ല്‍ എത്തി.

ആന്റിഗ്വ: ക്രിസ് ഗെയ്ല്‍ വീണ്ടും കൊടുങ്കാറ്റായിട്ടും ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയില്‍ വെസ്റ്റ് ഇന്‍ഡീസിന് 18 റണ്‍സിന്റെ തോല്‍വി. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ വിന്‍ഡീസിനെ കീഴടക്കി ഏകദിന പരമ്പര 2-1ന് ബംഗ്ലാദേശ് സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് തമീം ഇഖ്ബാലിന്റെ സെഞ്ചുറിക്കരുത്തില്‍ 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 301 റണ്‍സടിച്ചപ്പോള്‍ വെസ്റ്റ് ഇന്‍ഡീസിന് 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 283 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.

66 പന്തില്‍ ആറ് ഫോറും അഞ്ച് സിക്സറും സഹിതം ഗെയ്ല്‍ 73 റണ്‍സടിച്ചു. അഞ്ചാമത്തെ സിക്സര്‍ അടിച്ചതോടെ രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്സറടിക്കുന്ന ബാറ്റ്സ്മാനെന്ന പാക്കിസ്ഥാന്‍ മുന്‍ നായകന്‍ ഷാഹിദ് അഫ്രീദിയുടെ ലോകറെക്കോര്‍ഡിനൊപ്പം ഗെയ്ല്‍ എത്തി. 476 സിക്സറുകളാണ് 38കാരനായ ഗെയ്‌ലിന്റെ പേരിലുള്ളത്. ഏകദിനത്തിലും ടെസ്റ്റിലും ട്വന്റി-20യിലുമായി 443 മത്സരങ്ങളില്‍ നിന്നാണ് ഗെയ്ല്‍ 476 സിക്സറടിച്ചതെങ്കില്‍ 524 മത്സരങ്ങളില്‍ നിന്നായിരുന്നു അഫ്രീദി 476 സിക്സറടിച്ചത്. അഫ്രീദിയെക്കേള്‍ കുറച്ചു മത്സരങ്ങളെ കളിച്ചുള്ളുവെങ്കിലും അഫ്രീദിയേക്കാള്‍ അഞ്ച് ഇന്നിംഗ്സ് കൂടുതല്‍ കളിച്ചാണ് ഗെയ്ല്‍ റെക്കോര്‍ഡിലെത്തിയത്.

ഓഗസ്റ്റ് ഒന്നിന് ആരംഭിക്കുന്ന ബംഗ്ലാദേശിനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ട്വന്റി-20 പരമ്പരയില്‍ ഒരു സിക്സര്‍ കൂടി അടിച്ചാല്‍ ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സിക്സറടിച്ച താരമെന്ന റെക്കോര്‍ഡ് ഗെയ്‌ലിന് സ്വന്തമാവും. അഫ്രീദി ഏകദിനങ്ങളില്‍ 351 സിക്സറും ട്വന്റി-20യില്‍ 73 സിക്സറും ടെസ്റ്റില്‍ 52 സിക്സറുമാണ് അടിച്ചത്. ഗെയ്‌ലാകട്ടെ ഏകദിനത്തില്‍ 275 ഉം, ട്വന്റി-20യില്‍ 103ഉം ടെസ്റ്റില്‍ 98ഉം സിക്സറുകളടിച്ചു. ടെസ്റ്റിലും ഏകദിനത്തിലും ട്വന്റി-20യിലുമായി 342 സിക്സറടിച്ചിട്ടുള്ള ഇന്ത്യയുടെ എംഎസ് ധോണി ഏറ്റവും കൂടുതല്‍ സിക്സറടിച്ചവരുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്തുണ്ട്.