ഐഎസ്എല്ലില്‍ ജെംഷഡ്പൂര്‍ എഫ്‌സിയുടെ വിജയപ്രതീക്ഷകള്‍ തകര്‍ത്ത ഗോളുമായി സി.കെ വിനീത് റെക്കോര്‍ഡ് ബുക്കില്‍. ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിനായി കൂടുതല്‍ ഗോള്‍ നേടിയിരുന്ന ഇയാന്‍ ഹ്യൂമിന്‍റെ നേട്ടം മറികടന്നു. ജെംഷഡ്പൂരിനെതിരെ 85-ാം മിനുറ്റിലായിരുന്നു സി.കെയുടെ തകര്‍പ്പന്‍ ഗോള്‍... 

ജെംഷഡ്പൂര്‍: ഐഎസ്എല്ലില്‍ ജെംഷഡ്പൂര്‍ എഫ്‌സിക്കെതിരെ പെനാല്‍റ്റി പാഴാക്കി ബ്ലാസ്റ്റേഴ്‌സ് തോല്‍വിയോടടുത്ത് നിന്നിരുന്ന സമയം. ആദ്യ പകുതിയിലെ ഇരട്ട ഗോളില്‍ മുന്നിട്ടുനിന്നിരുന്ന ഉരുക്കു ടീമിന് 71-ാം മിനുറ്റില്‍ സ്റ്റൊയാനോവിച്ച് ആദ്യ മറുപടി നല്‍കി. എന്നാല്‍ വീണ്ടും കുതിച്ചും കിതച്ചും മഞ്ഞക്കുപ്പായക്കാര്‍ ഓടിക്കളിച്ചപ്പോള്‍ അവസാന പത്ത് മിനുറ്റിലേക്കായി ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ കണ്ണുകളെല്ലാം. 

കാത്തിരിപ്പിനൊടുവില്‍ 85-ാം മിനുറ്റില്‍ അത് സംഭവിച്ചു. ബ്ലാസ്റ്റേഴ്‌സിന് പലകുറി ഭാഗ്യത്തിന്‍റെ മഞ്ഞക്കൊടി കാട്ടിയ ആ താടിക്കാരന്‍റെ കാലുകളില്‍നിന്ന് പന്ത് വലയെ ചുബിച്ചു. ദുംഗലിന്‍റെ പാസ് വലയിലേക്ക് തിരിച്ചുവിട്ട് സി.കെ വിനീത് കളിയുടെ ഗതിമാറ്റി. ഇതോടെ ഗോള്‍നില 2-2. രണ്ട് അസിസ്റ്റുകളും കളിയിലുടനീളം വലനെയ്‌ത കാലുകളുമായി ദുംഗല്‍ കളിയിലെ താരമായ മത്സരത്തില്‍ വീരനായകനാകുകയായിരുന്നു സി.കെ വിനീത്. 

ഐഎസ്എല്‍ കരിയറില്‍ മഞ്ഞപ്പടയ്ക്കായി സി.കെയുടെ കാലുകളില്‍ നിന്ന് പായുന്ന 11-ാം ബുള്ളറ്റ്. ഇതോടെ കേരള ബ്ലാസ്റ്റേഴ്‌സിനായി കൂടുതല്‍ ഗോള്‍ നേടുന്ന താരമായി വിനീത്. വിഖ്യാത താരം ഇയാന്‍ ഹ്യൂമിന്‍റെ 10 ഗോളുകളെന്ന നേട്ടമാണ് വിനീതിന്‍റെ കാലുകള്‍ പിന്നിലാക്കിയത്. മറ്റൊരു മലയാളി താരമായ സഹലിന്‍റെ മുന്നേറ്റവും മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സിന്‍റെ സമനില(2-2) പ്രകടനത്തില്‍ നിര്‍ണായകമായി. 

Scroll to load tweet…