മതമില്ലാത്ത മകന്‍റെ പേര് പുറത്തുവിട്ട് സി.കെ വിനീത്

കണ്ണൂര്‍: തന്‍റെ മകന്‍ മതമില്ലാതെ വളരുമെന്ന മലയാളി ഫുട്ബോളര്‍ സി.കെ വിനീതിന്‍റെ പ്രസ്താവനയ്ക്ക് വലിയ കയ്യടിയാണ് ആരാധകരില്‍ നിന്ന് ലഭിച്ചത്. പ്രായപൂര്‍ത്തിയായ ശേഷം മതം മകന്‍ തന്നെ തെരഞ്ഞെടുക്കട്ടെ എന്നായിരുന്നു വിനീത് പറഞ്ഞത്. വിനീതിന്‍റെ പ്രസ്താവനയ്ക്ക് പിന്നാലെ താരത്തെ പിന്തുണച്ച് സമൂഹമാധ്യമങ്ങളില്‍ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മകന്‍റെ പേര് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടപ്പോഴും തന്‍റെ നിലപാടും സസ്‌പെന്‍സും കാത്തുസൂക്ഷിക്കാന്‍ കേരള ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍താരത്തിനായി. ‘ഏദന്‍ സ്റ്റീവ്’ എന്നാണ് മകന് മലയാളികളുടെ പ്രിയപ്പെട്ട സി.കെ പേരിട്ടിരിക്കുന്നത്. കുഞ്ഞിക്കാലുകള്‍ കൊണ്ട് പന്തുതട്ടുന്ന മകന്റെ വീഡിയോയിലൂടെയാണ് പേര് ആരാധകരെ സി.കെ വിനീത് അറിയിച്ചത്. 

തന്റെ ഇഷ്ട താരങ്ങളായ ഏദന്‍ ഹസാര്‍ഡിന്റെയും സ്റ്റീഫന്‍ ജെറാള്‍ഡിന്റെയും പേരുകള്‍ ചേര്‍ത്താണ് ഏദന്‍ സ്റ്റീവ് എന്ന പേര് വിനീത് കണ്ടെത്തിയത്. വിനീത് പുറത്തുവിട്ട വീഡിയോയ്ക്കും വന്‍ സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളില്‍ ലഭിക്കുന്നത്.