ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായ ലെസ്റ്റര്‍ സിറ്റി,പരിശീലകന്‍ ക്ലോഡിയോ റാനിയേരിയെ പുറത്താക്കി. ചാമ്പ്യന്‍സ് ലീഗിലെ തോല്‍വിക്ക് പിന്നാലെയാണ് അപ്രതീക്ഷിത നടപടി. ഫുട്ബോള്‍ ചരിത്രത്തിലെ അത്ഭുതനേട്ടങ്ങലിലൊന്നിന് വഴിയൊരുക്കിയ റാനിയേരി ഒന്‍പതാം മാസം ലെസ്റ്ററിന്റെ മുതലാളിമാര്‍ക്ക് അനഭിമതനായി.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആദ്യമായി ലെസ്റ്ററിനെ ചാമ്പ്യന്മാരാക്കിയ പരിശീലകന്‍ പുറത്ത്. യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ സെവ്വിയക്കെതിരായ എവേ മത്സരത്തില്‍ തോറ്റ് നാട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് ക്ലബ്ബ് റാനിയേരിയെ തീരുമാനം അറിയിച്ചത്.പ്രീമിയര്‍ ലീഗ് സീസണിലെ കഴിഞ്ഞ 6 മത്സരങ്ങളില്‍ ഒരു പോയിന്റ് മാത്രം നേടിയ ലെസ്റ്റര്‍ തരംതാഴ്ത്തല്‍ ഭീഷണി നേരിടുന്നതിനാലാണ് നടപടിയെന്ന് ക്ലബ്ബ് മാനേജ്മെന്റ് വാര്‍ത്താക്കുറിപ്പിലൂടെ
അറിയിച്ചു.
ആറ് ആഴ്ച മുന്‍പാണ് മികച്ച പരിശീലകനുള്ള ഫിഫ പുരസ്കാരം റാനിയേരി നേടിയത്. റാനിയേരിയില്‍ പൂര്‍ണ വിശ്വാസമുണ്ടെന്ന് കഴിഞ്ഞയാഴ്ചയും ക്ലബ്ബ് അഭിപ്രായപ്പെട്ടിരുന്നു. ഇറ്റാലിയന്‍ പരിശീലകന്‍ റൊബര്‍ട്ടോ മാന്‍ചിനി റാനിയേരിയുടെ പകരക്കാരനാകുമെനാനാണ് സൂചന. അതേസമയം റാനിയേരിയെ ആശ്വസിപ്പിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലകന്‍ ഹോസെ മൗറീഞ്ഞോ രംഗത്തെത്തി. ഇംഗ്ലീഷ് ചാമ്പ്യന്‍മാരാക്കിയതിന് തൊട്ടുപിന്നാലെ പുറത്താക്കുന്നതാണ് ഫുട്ബോളില്‍ ഇപ്പോഴത്തെ രീതിയെന്നും റാനിയേരിയുടെ നേട്ടങ്ങള്‍ ആര്‍ക്കും മായിക്കാനാകില്ലെന്നും മൗറീഞ്ഞോ അഭിപ്രായപ്പെട്ടു.
