സൗഹൃദ ഫുട്ബോള്‍ മത്സരത്തില്‍ കൊളംബിയക്കെതിരെ ഗോളടിക്കാന്‍ മറന്ന് അര്‍ജന്റീന. സൂപ്പര്‍ താരം ലയണല്‍ മെസിയില്ലാതെ ഇറങ്ങിയ സൗഹൃദ പോരാട്ടത്തില്‍ കൊളംബിയ അര്‍ജന്റീനയെ ഗോള്‍രഹിത സമനിലയില്‍ പൂട്ടി. ലോകകപ്പിനുശേഷം നടന്ന ആദ്യ സൗഹൃദ മത്സരത്തില്‍ ഗ്വാട്ടിമാലയെ 3-0ന് തകര്‍ത്ത അര്‍ജന്റീനക്ക് പക്ഷെ കൊളംബിയക്കെതിരെ ആ മികവ് ആവര്‍ത്തിക്കാനായില്ല.

ന്യൂജേഴ്സി: സൗഹൃദ ഫുട്ബോള്‍ മത്സരത്തില്‍ കൊളംബിയക്കെതിരെ ഗോളടിക്കാന്‍ മറന്ന് അര്‍ജന്റീന. സൂപ്പര്‍ താരം ലയണല്‍ മെസിയില്ലാതെ ഇറങ്ങിയ സൗഹൃദ പോരാട്ടത്തില്‍ കൊളംബിയ അര്‍ജന്റീനയെ ഗോള്‍രഹിത സമനിലയില്‍ പൂട്ടി. ലോകകപ്പിനുശേഷം നടന്ന ആദ്യ സൗഹൃദ മത്സരത്തില്‍ ഗ്വാട്ടിമാലയെ 3-0ന് തകര്‍ത്ത അര്‍ജന്റീനക്ക് പക്ഷെ കൊളംബിയക്കെതിരെ ആ മികവ് ആവര്‍ത്തിക്കാനായില്ല.

മെസിക്ക് പുറമെ അഗ്യൂറോ, ഹിഗ്വയ്ന്‍ എന്നിവരും അര്‍ജന്റൈന്‍ നിരയിലുണ്ടായിരുന്നില്ല. എന്നാല്‍ ലോകകപ്പില്‍ കളിച്ച പ്രമുഖരെയെല്ലാം അണിനിരത്തിയാണ് കൊളംബിയ ഇറങ്ങിയത്. യുവതാരങ്ങളുമായി ഇറങ്ങിയിട്ടും ആദ്യപകുതിയില്‍ കൊളംബിയക്കെതിരെ അര്‍ജന്റീനക്ക് തന്നെയായിരുന്നു മുന്‍തൂക്കം. ആദ്യ പകുതിയില്‍ ഗോളിലേക്ക് അഞ്ച് ഷോട്ടുകള്‍ അര്‍ജന്റീന ലക്ഷ്യം വെച്ചപ്പോള്‍ കൊളംബിയക്ക് ഒരു തവണ മാത്രമാണ് അര്‍ജന്റീന പോസ്റ്റ് ലക്ഷ്യമിടാനായത്.

മത്സരത്തിലാകെ കൊളംബിയ രണ്ടുതവണ മാത്രമാണ് അര്‍ജന്റീന ഗോളി ഫ്രാങ്കോ അര്‍മാനിയെ പരീക്ഷിച്ചത്. മെസിയുചെ അഭാവത്തില്‍ 19കാരന്‍ ലെ സെല്‍സോ ആയിരുന്നു മധ്യനിരയില്‍ അര്‍ജന്റീനയുടെ കളി മെനഞ്ഞത്. മെസിയുടെ അഭാവത്തിലും സൂപ്പര്‍താര പൗളോ ഡിബാലക്ക് രണ്ട് സൗഹൃദ മത്സരങ്ങളിലായി 35 മിനിട്ട് മാത്രമാണ് കളിക്കാന്‍ താല്‍ക്കാലിക കോച്ച് ലിയോണല്‍ സ്കൊളാനി അവസരം നല്‍കിയത് എന്നതും ശ്രദ്ധേയമായി.

സമനില പൊളിക്കാനാവാഞ്ഞതോടെ 2007നുശേഷം അര്‍ജന്റീനക്കെതിരെ ജയിക്കാനായിട്ടില്ലെന്ന റെക്കോര്‍ഡ് തിരുത്താനും കൊളംബിയക്കായില്ല. അടുത്തമാസം 16ന് ആരാധകര്‍ കാത്തിരിക്കുന്ന ബ്രസീലിനെതിരായ സൗഹൃദ മത്സരമാണ് അര്‍ജന്റീനയുടെ അടുത്ത പോരാട്ടം.