മോസ്ക്കോ: കോണ്‍ഫെഡറേഷന്‍സ് കപ്പ് ഫുട്ബോളില്‍ ആതിഥേയരായ റഷ്യയെ യൂറോപ്പ്യന്‍ ചാമ്പ്യന്മാരായ പോർച്ചുഗൽ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോളിലായിരുന്നു പോർച്ചുഗലിന്റെ ടൂർണമെന്റിലെ ആദ്യ ജയം. കളിയുടെ എട്ടാം മിനിറ്റിലായിരുന്നു ക്രിസ്റ്റ്യാനോ ലക്ഷ്യം കണ്ടത്.
പോർച്ചുഗൽ ജയിച്ചെങ്കിലും മത്സരം ഏകപക്ഷീയമായിരുന്നില്ല. ഗോൾ വഴങ്ങിയ ശേഷം ഗാലറിയുടെ പിന്തുണയോടെ നിരന്തരം പോർച്ചുഗൽ പോസ്റ്റിൽ റെയ്ഡ് നടത്തിയ റഷ്യക്ക് ഒരു സൂപ്പർ സ്ട്രൈക്കറുടെ അഭാവം വിലങ്ങുതടിയായി. ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തില്‍ പോര്‍ച്ചുഗല്‍ മെക്സിക്കോയോട് സമനില വഴങ്ങിയിരുന്നു.
