ലോസാഞ്ചല്‍സ്: ലാറ്റിനമേരിക്കൻ ഫുട്ബോൾ വിരുന്നിന് നാളെ കിക്കോഫ്. ശതാബ്ദി കോപ്പ അമേരിക്കയുടെ ഉദ്ഘാടന പോരാട്ടത്തിൽ കൊളംബിയ, അമേരിക്കയെ നേരിടും. ഇന്ത്യൻ സമയം നാളെ രാവിലെ ഏഴിനാണ് മത്സരം. നൂറ് വയസിന്റെ നിറവിലെത്തിയ കോപ്പയിൽ വീണ്ടും ഫുട്ബോൾ ലഹരി നിറയുന്നു. മനുഷ്യായുസ്സിൽ ഒരിക്കൽ മാത്രം കിട്ടുന്ന ഭാഗ്യം.
ശതാബ്ദി ആഘോഷത്തിൽ കളിയഴകിന്റെ നേരവകാശികളായ ലാറ്റിനമേരിക്കയിലെ പത്ത് ടീമുകൾക്കൊപ്പം വടക്കേ അമേരിക്കയിലെ ആറ് ടീമുകൾകൂടി ബൂട്ടണിയുന്നു. അമേരിക്കയിലെ പത്ത് വേദികളിലായി 32 മത്സരങ്ങൾ. തലയെടുപ്പോടെ ബ്രസീലും അർജന്റീനയും ഉറൂഗ്വേയും നിലവിലെ ജേതാക്കളായ ചിലിയും. കരുത്തുകാട്ടാൻ മെക്സിക്കോയും കോസ്റ്റാറിക്കയും അമേരിക്കയും.
കളിത്തട്ടിൽ വിസ്മയകാഴചകളൊരുക്കാൻ മെസി, സുവാരസ്, റോഡ്രിഗസ്, സാഞ്ചസ് തുടങ്ങിയ താരങ്ങൾ. തെക്കേ അമേരിക്കയ്ക്ക് പുറത്ത് ആദ്യമായി അരങ്ങേറുന്ന കോപ്പയിലെ ആദ്യ മത്സരത്തിൽ കൊളംബിയ അമേരിക്കയെ നേരിടും. ഇരുടീമുകളും ഇതിന് മുൻപ് ഏറ്റുമുട്ടിയ 17 കളികളിൽ 11ലും ജയം കൊളംബിയയ്ക്ക്. മൂന്നെണ്ണത്തിൽ അമേരിക്ക ജയിച്ചപ്പോൾ ശേഷിച്ച കളികൾ സമനിലയിൽ.
