ദില്ലി: ഇന്ത്യക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ന്യുസീലന്‍ഡ് ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. സ്പെഷ്യലിസ്റ്റ് ബാറ്റ്സ്മാന്‍ ആയി കോറി ആന്‍ഡേഴ്സനെ ഉള്‍പ്പെടുത്തിയതാണ് ശ്രദ്ധേയം. പുറംവേദന കാരണം സിംബാബ്‍വെ, ദക്ഷിണാഫ്രിക്ക പര്യടനങ്ങളില്‍ ആന്‍ഡേഴ്സൺ കളിച്ചിരുന്നില്ല. പരിക്ക് കാരണം ടെസ്റ്റ് പരമ്പരയിൽ വിശ്രമം നല്‍കിയ പേസര്‍ ടിം സൗത്തിയും ടീമിലെത്തി.
കെയിന്‍ വില്ല്യംസൺ നയിക്കുന്ന ടീമില്‍ മാര്‍ട്ടിന്‍ ഗപ്ടില്‍, റോസ് ടെയ്‍ലര്‍, ട്രെന്റ് ബൗള്‍ട്ട്, ജെയിംസ് നീഷാം, ഇഷ് സോധി എന്നിവരാണ് പ്രമുഖ താരങ്ങള്‍. അതേസമയം പരിക്കേറ്റ വെടിക്കെട്ട് ബാറ്റ്സ്മാന്‍ കോളിന്‍ മന്‍റോ ടീമിലില്ല. അഞ്ച് ഏകദിനങ്ങളുള്ള പരമ്പരയിലെ ആദ്യ മത്സരം അടുത്ത മാസം 16ന് ധര്‍മ്മശാലയിൽ നടക്കും.
ഐസിസി റാങ്കിംഗില്‍ നിലവില്‍ ന്യുസീലന്‍ഡ് രണ്ടാമതും ഇന്ത്യ മൂന്നാം സ്ഥാനത്തുമാണ്. മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര 22ന് കാണ്‍പൂരില്‍ തുടങ്ങും.
