ഏദന്‍ ഹസാര്‍ഡ്, നെയ്മര്‍, എംബാപെ, കെയ്ന്‍ എന്നിങ്ങനെ ഒരുപാട് പേരുകള്‍ കേട്ടെങ്കിലും അവസാനം കെയ്നും ഹസാര്‍ഡിലുമാണ് അഭ്യൂഹങ്ങള്‍ എത്തി നില്‍ക്കുന്നത്.

ലണ്ടന്‍: തുടര്‍ച്ചയായി മൂന്ന് വട്ടം ചാമ്പ്യന്‍സ് ലീഗ് സ്വന്തമാക്കുന്ന ക്ലബ് എന്ന ഖ്യാതി സ്വന്തമാക്കിയതിന് പിന്നാലെ ആരംഭിച്ച ശനിദശ റയല്‍ മാഡ്രിഡിനെ വിട്ടൊഴിഞ്ഞിട്ടില്ല. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയല്‍ വിട്ട് യുവന്‍റസില്‍ ചേര്‍ന്നതാണ് അവരെ ഏറ്റവും കൂടുതല്‍ പ്രതിരോധത്തില്‍ ആക്കിയത്. റൊണാള്‍ഡോയ്ക്ക് പകരം ആരെയും ടീമിലെത്തിക്കാന്‍ ഇതുവരെ സ്പാനിഷ് വമ്പന്മാര്‍ക്ക് സാധിച്ചിട്ടില്ല.

ഏദന്‍ ഹസാര്‍ഡ്, നെയ്മര്‍, എംബാപെ, കെയ്ന്‍ എന്നിങ്ങനെ ഒരുപാട് പേരുകള്‍ കേട്ടെങ്കിലും അവസാനം കെയ്നും ഹസാര്‍ഡിലുമാണ് അഭ്യൂഹങ്ങള്‍ എത്തി നില്‍ക്കുന്നത്. പക്ഷേ, കെയ്നെ വിട്ടു കൊടുക്കാന്‍ ടോട്ടനവും ഹസാര്‍ഡിനെ നല്‍കാന്‍ ചെല്‍സിയും വിമുഖത പ്രകടിപ്പിക്കുന്നതോടെ ആ നീക്കവും തുലാസിലാണ്.

ഹസാര്‍ഡിനൊപ്പം ചെല്‍സിയില്‍ നിന്ന് ബെല്‍ജിയത്തിന്‍റെ തന്നെ ഗോള്‍കീപ്പര്‍ തിബൗട്ട് കോട്ടുവയെ ടീമിലെത്തിക്കാനും റയല്‍ ആസൂത്രണം ചെയ്തിരുന്നു. ലോകകപ്പിലെ മികച്ച ഗോള്‍കീപ്പറായ കോട്ടുവയ്ക്ക് ഇതില്‍ താത്പര്യവുമുണ്ടായിരുന്നു. എന്നാല്‍, ചെല്‍സി ഇതിനും തടസം നിന്നു. എന്നാല്‍, റയൽ മാഡ്രിഡിലേക്ക് മാറാനുള്ള ശ്രമങ്ങളിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന സൂചനകളാണ് ബെൽജിയം ഗോള്‍കീപ്പര്‍ കോട്ടുവ ഇപ്പോള്‍ നല്‍കുന്നത്.

ചെൽസിയുടെ ഇന്നലെ തുടങ്ങിയ പരിശീലന സെഷനില്‍ കോട്ടുവ എത്തിയില്ല. അതേസമയം താത്പര്യമില്ലാത്ത താരങ്ങളെ പിടിച്ചുനിര്‍ത്തില്ലെന്ന സൂചന കോച്ച് സാറിയും നൽകി. കോട്ടുവയെ കൈമാറാന്‍ തുടക്കത്തില്‍ ക്ലബ്ബ് തയ്യാറായിരുന്നെങ്കിലും പറ്റിയ പകരക്കാരനെ കണ്ടെത്താന്‍ കഴിയാതായതോടെ ചെൽസി നീക്കം മരവിപ്പിക്കുകയായിരുന്നു.