ലണ്ടന്‍: ഫോർമുല വൺ ചാമ്പ്യൻ ലൂയിസ് ഹാമിൽട്ടൺ സെൽഫ് ഐസൊലേഷനിൽ. കൊവിഡ് 19 ബാധിതനായ നടൻ  ഇദ്രിസ് ആൽബയ്ക്കൊപ്പം ഒരു ചടങ്ങിൽ പങ്കെടുത്തതിന് പിന്നാലെയാണ് ഹാമിൽട്ടൺ സെൽഫ് ഐസൊലേഷനിലേക്ക് മാറിയത്. കഴിഞ്ഞയാഴ്ച ലണ്ടനിലാണ് ഹാമിൽട്ടൺ  ഇദ്രിസ് ആൽബയ്‍ക്കൊപ്പം സമയം ചെലവഴിച്ചത്. 

ചടങ്ങിൽ പങ്കെടുത്ത കനേഡിയൻ പ്രധാനമന്ത്രിയുടെ ഭാര്യയ്ക്കും കൊവിഡ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. താൻ ആരോഗ്യവാനാണെന്നും മുൻകരുതൽ എന്ന നിലയിലാണ് സെൽഫ് ഐസൊലേഷനിലേക്ക് മാറിയതെന്ന് ഹാമിൽട്ടൺ പറഞ്ഞു. കൊവിഡ് പടരുന്ന സാഹചര്യത്തിൽ ഫോർമുല വൺ മത്സരങ്ങൾ മാറ്റിവച്ചിരിക്കുകയാണ്.

ട്രാക്ക് തെറ്റി ഫോർമുല 1 മത്സരങ്ങള്‍

കൊവിഡ് 19 വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ഫോര്‍മുല വണ്ണിലെ മൊണാക്കോ ഗ്രാന്‍പ്രീ റദാക്കി. 1955ല്‍ തുടങ്ങിയ മൊണാക്കോ ഗ്രാന്‍പ്രീ ചരിത്രത്തില്‍ ആദ്യമായാണ് ഉപേക്ഷിക്കുന്നത്. മെയ് 24നാണ് മൊണാകോ ഗ്രാന്‍പ്രീ നടക്കേണ്ടിയിരുന്നത്. നേരത്തെ ഡച്ച്, സ്‍പാനിഷ് ഗ്രാന്‍പ്രീകള്‍ക്കൊപ്പം മൊണാക്കോ ഗ്രാന്‍പ്രീയും നീട്ടിവെച്ചിരുന്നു. എന്നാല്‍ സ്ഥിതിഗതികള്‍ അനുകൂലമല്ലാത്തതിനാല്‍ മത്സരം റദാക്കുകയായിരുന്നു.

ഫോര്‍മുല വണ്‍ സീസണ് തുടക്കമിടുന്ന മാര്‍ച്ച് 15ലെ മെല്‍ബണ്‍ ഗ്രാന്‍പ്രീയും മാറ്റിവച്ചിട്ടുണ്ട്. നേരത്തെ ബഹ്‌റൈന്‍ ഗ്രാന്‍പ്രീ കാഴ്ചക്കാരില്ലാതെ നടത്താന്‍ തീരുമാനിച്ചിരുന്നുവെങ്കിലും പിന്നീട് മാറ്റിവെക്കുകയായിരുന്നു. ഈ മാസം 19 മുതല്‍ 22 വരെയാണ് ഫോര്‍മുല വണ്‍ ഗള്‍ഫ് എയര്‍ ബഹ്‌റൈന്‍ ഗ്രാന്‍പ്രീ നടത്താന്‍ നിശ്ചയിച്ചിരുന്നത്.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക