ഓസീസ് താരം ഡേവിഡ് വാര്‍ണറെ പുറത്താക്കിയ അംപയറുടെ തീരുമാനം വിവാദത്തില്‍. ക്രിക്കറ്റ് ചരിത്രത്തിലെ മോശം അംപയറിംഗ് എന്നാണ് വിമര്‍ശനം ഉയരുന്നത്.
ഗയാന: കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ സെയ്‌ന്‍റ് ലൂസിയയുടെ ഓസീസ് താരം ഡേവിഡ് വാര്‍ണറെ പുറത്താക്കിയ അംപയറുടെ തീരുമാനം വിവാദത്തില്‍. ഗയാന ആമസോണ്‍ വാരിയേഴ്‌സിനെതിരായ മത്സരത്തില്‍ റിവേഴ്‌സ് സ്വീപ്പ് ഷോട്ട് കളിക്കാനുള്ള ശ്രമത്തിനിടെ ഗ്ലൗസില്‍ പന്ത് തട്ടിയ വാര്‍ണറെ അംപയര്‍ എല്‍ബിഡബ്ലുവില്‍ പുറത്താക്കുകയായിരുന്നു.
ഏഴാം ഓവറില്‍ സ്‌പിന്നര്‍ ഇമ്രാന്‍ താഹിറിന്‍റെ ഓവറിലായിരുന്നു സംഭവം. ഓവറിലെ രണ്ടാം പന്തില്‍ റിവേഴ്‌സ് സ്വീപ്പിന് ശ്രമിച്ച വാര്‍ണര്‍ക്ക് ടൈമിംഗ് പിഴച്ചപ്പോള്‍ പന്ത് നേരിട്ട് ഗ്ലൗസില്‍ തട്ടി. താഹിറിന്‍റെ അപ്പീലില്‍ ഉടന്‍ തന്നെ അംപയര്‍ വിരല്‍ ഉയര്‍ത്തുകയായിരുന്നു. വാര്‍ണര്‍ വിയോജിപ്പ് പ്രകടിപ്പിച്ചെങ്കിലും അംപയര്‍ തീരുമാനത്തില്‍ ഉറച്ചുനിന്നു.
മത്സരത്തില്‍ തിളങ്ങാനാകാതെ പോയ വാര്‍ണര്‍ക്ക് 21 പന്തില്‍ 11 റണ്‍സ് മാത്രമാണ് എടുക്കാനായത്. ആദ്യം ബാറ്റ് ചെയ്ത ഗയാന 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സെടുത്തു. എന്നാല്‍ മറുപടി ബാറ്റിംഗില്‍ സെയ്‌ന്‍റ് ലൂസിയക്ക് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സ് മാത്രമേ എടുക്കാനായുള്ളൂ.
