സിഡ്നി: ഈ മാസം മുപ്പതിനകം പുതിയ കരാറില്‍ ഓസ്‌ട്രേലിയന്‍ താരങ്ങള്‍ ഒപ്പ് വെക്കണമെന്നാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ അന്ത്യശാസനം. എന്നാല്‍ ബോര്‍ഡിന്‍റെ മുന്നറിയിപ്പുകളെല്ലാം തള്ളിയിരിക്കുകയാണ് ഇരുന്നൂറിലേറെ അംഗങ്ങളുളള ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരങ്ങളുടെ സംഘടന.

അതെസമയം നിലപാട് മയപ്പെടുത്താന്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയയും തയ്യാറല്ല. ഒത്തുതീര്‍പ്പിനുള്ള സാധ്യത വിരളമാണെന്നും തൊഴിലില്ലാത്ത ദിവസങ്ങള്‍ക്കായി തയ്യാറെടുക്കാനുമാണ് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ഗ്രേഗ് ഡയര്‍ കളിക്കാരോട് ഉപദേശിച്ചിരിക്കുന്നത്.

ക്രിക്കറ്റിലെ വരുമാനത്തിന്റെ നിശ്ചിത ശതമാനം കളിക്കാര്‍ക്ക് നല്‍കുന്നതിനെ ചൊല്ലിയാണ് പ്രധാന തര്‍ക്കം. രണ്ടു പതിറ്റാണ്ടായി നിലനില്‍ക്കുന്നതാണ് ഇത്. എന്നാല്‍ ഇനി ഇത് തുടരാനാകില്ലെന്നതാണ് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ കടുംപിടുത്തം. പ്രതിഫലത്തിന് പുറമെ വരുമാനത്തിന്റെ ഒരു ഭാഗം കൂടി കളിക്കാര്‍ക്ക് നല്‍കുന്നതോടെ അടിസ്ഥാനമേഖലകളില്‍ ക്രിക്കറ്റ് വികസനത്തിന് പണം കണ്ടെത്താനാകുന്നില്ല എന്നാണ് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ നിലപാട്. 

തൊഴില്‍ക്കരാര്‍ നല്‍കാതെ പ്രതിഫലം കൂട്ടാന്‍ തയ്യാറാണെന്ന് അവര്‍ കളിക്കാരുടെ അസോസിയേഷനെ അറിയിച്ചു. എന്നാല്‍ വര്‍ഷങ്ങളായി കിട്ടുന്ന ആനുകൂല്യം നിഷേധിച്ചതിനാല്‍ കളിക്കാര്‍ ഈ നിര്‍ദേശം നിരസിച്ചു. തര്‍ക്കം ഓസ്ട്രേലിയയുടെ പരമ്പരകളെയും രൂക്ഷമായി ബാധിക്കാനാണ് സാധ്യത. 

ഓസ്ട്രേലിയന്‍ എ ടീമിന്റെ ദക്ഷിണാഫ്രിക്കന്‍ പര്യടനവും ഓസ്‌ട്രേലിയന്‍ ടീമിന്റെ ബംഗ്ലാദേശ് പര്യടനവുമാണ് ഇനിയുളളത്. കടുത്ത തീരുമാനം ഇരുകൂട്ടരും തുടരുകയാണെങ്കില്‍ അത ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിന് വന്‍ തിരിച്ചടിയാണ് നല്‍കുക.