മെല്‍ബണ്‍: ഈ വര്‍ഷത്തെ മികച്ച ഏകദിന ടീമിന്റെ നായകനായി ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‌ലിയെ ക്രിക്കറ്റ് ഓസ്‌ട്രേലിയ തെരഞ്ഞെടുത്തത് ഏവരെയും അത്ഭുതപ്പെടുത്തി. കൊഹ്‌ലിയെ കൂടാതെ ഇന്ത്യന്‍ പേസര്‍ ജസ്‌പ്രീത് ബംറയും ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ഏകദിന ഇലവനില്‍ ഇടംനേടി. നേരത്തെ ഐസിസി തെരഞ്ഞെടുത്ത 2016-ലെ ഏകദിന ടീമിന്റെ നായകനായും തെരഞ്ഞെടുക്കപ്പെട്ടത് കൊഹ്‌ലിയായിരുന്നു. ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്‌മിത്തിനെ മറികടന്നാണ് വിരാട് കൊഹ്‌ലി, ഐസിസിയുടെയും ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെയും 2016ലെ ഏകദിന ടീമിന്റെ നായകനായി തെരഞ്ഞെടുക്കപ്പെട്ടത്. അതേസമയം സ്റ്റീവ് സ്‌മിത്തിന് കൊഹ്‌ലി നായകനായ ടീമില്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ ഇടം നല്‍കിയിട്ടുണ്ട്. 2016ല്‍ 10 ഏകദിന മല്‍സരം മാത്രം കളിച്ച കൊഹ്‌ലിയുടെ പ്രകടനം ഏറ്റവും മികച്ചതാണെന്നാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ വിലയിരുത്തുന്നത്. മൂന്നു സെ‌ഞ്ച്വറിയും നാലു അര്‍ദ്ധസെഞ്ച്വറിയും ഉള്‍പ്പടെ 739 റണ‍്സാണ് കൊഹ്‌ലി ഈ പത്തു കളികളില്‍ അടിച്ചെടുത്തത്. കൊഹ്‌ലി കളിച്ച 10 ഇന്നിംഗ്‌സുകളില്‍ എട്ടിലും 45 റണ‍്സിലധികം നേടിയെന്നതും ശ്രദ്ധേയമാണ്. ജനുവരിയില്‍ ഓസ്‌ട്രേലിയയ്ക്കെതിരെ പുറത്താകാതെ 154 റണ്‍സെടുത്ത കൊഹ്‌ലിയുടെ പ്രകടനവും മികച്ചതായിരുന്നു. ഈ കാലയളവില്‍ 90.10 ആണ് കൊഹ്‌‌ലിയുടെ ബാറ്റിംഗ് ശരാശരി.