മിച്ചല്‍ മാര്‍ഷ്, ട്രവിസ് ഹെഡ്, പീറ്റര്‍ ഹാന്‍ഡ്‌കോംപ് എന്നിവരുടെ പേരുകളും ക്രിക്കറ്റ് ഓസ്‌ട്രേലിയ പരിഗണിക്കുന്നു.​

മെല്‍ബണ്‍: പന്ത് ചുരണ്ടല്‍ സംഭവത്തിന് ശേഷം നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഓസീസിനെ നയിക്കാന്‍ ഒരു ക്യാപ്റ്റനെത്തിയിട്ടില്ല. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ ആ സംഭവത്തിന് ശേഷം ടിം പെയ്‌നായിരുന്നു ഓസീസിനെ നയിച്ചത്. എന്നാല്‍ ഏകദിന ക്രിക്കറ്റില്‍ ഒരു നായകനെ കണ്ടെത്താന്‍ ഓസീസിന് സാധിച്ചിട്ടില്ല. 

ഒരു വര്‍ഷവും കുറച്ച് ദിവസങ്ങളും മാത്രമാണ് ഇനി ഏകദിന ക്രിക്കറ്റിന് ബാക്കിയുള്ളത്. അതിന് മുന്‍പ് ടീമിനെ നയിക്കാന്‍ ഒരു താരത്തെ വേണം. മാത്രമല്ല അടുത്ത മാസം ഇംഗ്ലണ്ടില്‍ ഏകദിന പരമ്പരയും നടക്കുന്നുണ്ട്. അതിന് മുന്‍പ് ക്യാപ്റ്റനെ കണ്ടെത്താനാണ് ക്രിക്കറ്റ് ഓസീട്രേലിയയുടെ ശ്രമം.

ഓസീസ് ഓപ്പണര്‍ ആരോണ്‍ ഫിഞ്ചിന് നേര്‍ക്കാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ വിരല് നീളുന്നത്. സ്റ്റീവ് സ്മിത്തിന്റെ ഡെപ്യൂട്ടി ആയിരുന്ന ഡേവിഡ് വാര്‍ണറും സംഭവത്തില്‍ ഉള്‍പ്പെട്ടതോടെയാണ് പുതിയ ക്യാപ്റ്റനെ തേടേണ്ട അവസ്ഥ വന്നത്. ഏകദിന ടീമിലേക്ക് ദക്ഷിണ ഓസ്‌ട്രേലിയയുടെ വിക്കറ്റ് കീപ്പര്‍ അലക്‌സ് കാറി വരുന്നതോടെ പെയ്ന്‍ സ്ഥാനമുണ്ടാവില്ലെന്ന് ഏതാണ്ട് ഉറപ്പായി. 

രണ്ട് തവണ ദേശീയ ടീമിന്റെ നായകസ്ഥാനം ഏറ്റെടുത്തിട്ടുണ്ട്. ട്വന്റി20 ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനവും വഹിച്ചിട്ടുണ്ട്. ഇപ്പോഴുള്ള താരങ്ങളില്‍ ഏറെ പരിചയസമ്പത്തുള്ള താരവും ഫിഞ്ച് തന്നെ. മിച്ചല്‍ മാര്‍ഷ്, ട്രവിസ് ഹെഡ്, പീറ്റര്‍ ഹാന്‍ഡ്‌കോംപ് എന്നിവരുടെ പേരുകളും ക്രിക്കറ്റ് ഓസ്‌ട്രേലിയ പരിഗണിക്കുന്നു.