ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ മോശം പ്രകടനത്തെ തുടർന്ന് വിരമിക്കൽ അഭ്യൂഹങ്ങൾ നേരിട്ട രോഹിത് ശർമ്മ, ലോർഡ്സിൽ സെഞ്ചുറി നേടി. ഈ പ്രകടനത്തോടെ രോഹിത്തിന്റെ വിരമിക്കൽ സംബന്ധിച്ച എല്ലാ ചർച്ചകൾക്കും വിരാമമായെന്ന് മുൻ താരം സബാ കരീം അഭിപ്രായപ്പെട്ടു.
മുംബൈ: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര 2-1ന് ഇന്ത്യ കൈവിട്ടെങ്കിലും, ലോര്‍ഡ്സില്‍ രോഹിത് ശര്‍മ നേടിയ സെഞ്ചുറി അദ്ദേഹത്തിന്റെ വിരമിക്കല്‍ സംബന്ധിച്ച എല്ലാ അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ടെന്ന് മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍-ബാറ്റര്‍ സബാ കരീം. ആദ്യ രണ്ട് മത്സരങ്ങളില്‍ 11, 26 റണ്‍സ് മാത്രമെടുത്ത് സമ്മര്‍ദ്ദത്തിലായിരുന്ന രോഹിത്, മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിന് ഇറങ്ങിയത് വലിയ വിമര്‍ശനങ്ങള്‍ക്കിടയിലായിരുന്നു. 2027-ലെ ഏകദിന ലോകകപ്പ് ലക്ഷ്യമിട്ട് സെലക്ടര്‍മാര്‍ 39-കാരനായ രോഹിത്തിന് പകരം പുതിയ താരങ്ങളെ പരിഗണിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ താരത്തിന്റെ ഭാവിയെക്കുറിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.
കാര്‍ഡിഫില്‍ നടന്ന രണ്ടാം ഏകദിനത്തിനിടെ ഈ ചര്‍ച്ചകള്‍ കൂടുതല്‍ ശക്തമായിരുന്നെങ്കിലും, ബിസിസിഐ സെക്രട്ടറി ദേവാജിത് സൈക്കിയ ഈ റിപ്പോര്‍ട്ടുകള്‍ തള്ളിക്കളഞ്ഞു. ലോര്‍ഡ്സിലെ മത്സരം രോഹിത്തിന്റെ അവസാന അന്താരാഷ്ട്ര മത്സരമാകുമെന്ന കാര്യത്തില്‍ ബോര്‍ഡില്‍ ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്ന് അദ്ദേഹം പിടിഐയോട് വ്യക്തമാക്കിയിരുന്നു. തന്റെ ഭാവിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കിടയിലും, തന്റെ കരിയറിലെ ഏറ്റവും മികച്ച ഇന്നിംഗ്സുകളിലൊന്ന് രോഹിത് പുറത്തെടുത്തു. 388 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്കായി, മുന്‍ ക്യാപ്റ്റന്‍ 110 പന്തില്‍ 138 റണ്‍സാണ് അടിച്ചുകൂട്ടിയത്.
ലോര്‍ഡ്സില്‍ ഏകദിന സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യക്കാരനും ഏറ്റവും പ്രായം കൂടിയ ബാറ്ററുമായി അദ്ദേഹം മാറി. മത്സരം 27 റണ്‍സിന് തോറ്റ് പരമ്പര നഷ്ടപ്പെട്ടെങ്കിലും, രോഹിത്തിന്റെ പ്രകടനം ചര്‍ച്ചകളെ ബാറ്റിംഗിലേക്ക് തിരിച്ചുവിട്ടു. പരമ്പര തോറ്റെങ്കിലും ശുഭ്മാന്‍ ഗില്ലിന്റെ ഫോമും നേതൃത്വവും രോഹിത്തിന്റെ ഇന്നിംഗ്സും ഇന്ത്യക്ക് വലിയ പോസിറ്റീവുകളാണെന്ന് കരീം പറഞ്ഞു.
അദ്ദേഹത്തിന്റെ വാക്കുകള്‍... ''ഇന്ത്യ പല കാര്യങ്ങളിലും മികച്ച പ്രകടനം പുറത്തെടുത്തു. രോഹിത്തിന്റെ സെഞ്ചുറി അദ്ദേഹത്തെ ചുറ്റിപ്പറ്റിയുള്ള എല്ലാ അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ടു. ശുഭ്മാന്‍ ഗില്‍ റണ്‍സ് സ്‌കോര്‍ ചെയ്യുകയും മികച്ച രീതിയില്‍ ബാറ്റ് ചെയ്യുകയും ശ്രദ്ധേയമായ നേതൃത്വപാടവം കാണിക്കുകയും ചെയ്തു. അതിനാല്‍, ബാറ്റിംഗില്‍ വലിയ പ്രശ്‌നങ്ങളൊന്നും ഞാന്‍ കാണുന്നില്ല. ജസ്പ്രീത് ബുംറ ലഭ്യമല്ലെങ്കില്‍ ശരിയായ പേസ് ബൗളിംഗ് നിരയെ കണ്ടെത്തുക എന്നതിലായിരിക്കണം ഇന്ത്യയുടെ ശ്രദ്ധ.'' കരീം പറഞ്ഞു.
ഇടത് കാല്‍മുട്ടിനേറ്റ പരിക്കുമൂലം ബുംറ അവസാന മത്സരത്തില്‍ കളിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ അഭാവത്തില്‍ ഇന്ത്യന്‍ പേസ് ബൗളര്‍മാര്‍ ഇംഗ്ലീഷ് ബാറ്റര്‍മാര്‍ക്ക് മുന്നില്‍ നന്നായി വിയര്‍ത്തു. ഇംഗ്ലണ്ട് 3 വിക്കറ്റ് നഷ്ടത്തില്‍ 387 റണ്‍സാണ് അടിച്ചുകൂട്ടിയത്. പ്രസിദ്ധ് കൃഷ്ണ 2 വിക്കറ്റ് വീഴ്ത്തിയപ്പോള്‍, അര്‍ഷദീപ് സിംഗ് (0/72), പ്രിന്‍സ് യാദവ് (1/79), ഗുര്‍നൂര്‍ ബ്രാര്‍ (0/97) എന്നിവര്‍ റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ പരാജയപ്പെട്ടു.

