ഡല്‍ഹി ക്യാപിറ്റല്‍സ് താരം അഭിഷേക് പോറലിനെ അറസ്റ്റ് ചെയ്യാന്‍ കല്‍ക്കട്ട ഹൈക്കോടതി നിര്‍ദേശം നല്‍കി. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു, ബലാത്സംഗം ചെയ്തു, ഭീഷണിപ്പെടുത്തി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി ഒരു മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയാണ് പരാതി നല്‍കിയത്.
കൊല്‍ക്കത്ത: മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് വിക്കറ്റ് കീപ്പര്‍-ബാറ്ററായ അഭിഷേക് പോറലിനെ അറസ്റ്റ് ചെയ്യാന്‍ കല്‍ക്കട്ട ഹൈക്കോടതി നിര്‍ദേശം. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കല്‍, ബലാത്സംഗ കുറ്റം, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങളാണ് പരാതിയിലുള്ളത്. വൈകാതെ ക്രിക്കറ്റ് താരം അഭിഷേക് പോറലിനൊപ്പം മറ്റൊരു പ്രതിയെയും ഉടന്‍ അറസ്റ്റ് ചെയ്യാന്‍ കല്‍ക്കട്ട ഹൈക്കോടതി തിങ്കളാഴ്ച ഉത്തരവിട്ടു. വിവാഹവാഗ്ദാനം നല്‍കി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും പിന്നീട് മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാരോപിച്ച് ജൂണില്‍ തന്നെ ബംഗാള്‍ പൊലീസില്‍ പരാതി ലഭിച്ചിരുന്നു.
ഇന്ത്യ എ ടീമിനൊപ്പം യുകെയിലും ഓസ്ട്രേലിയയിലും പര്യടനം നടത്തിയിട്ടുള്ള പോറല്‍, തനിക്കെതിരായ എല്ലാ ആരോപണങ്ങളും നിഷേധിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച ഹൂഗ്ലി ജില്ലയിലെ മോഗ്ര പോലീസ് സ്റ്റേഷനില്‍ യുവതിയും അമ്മയുമാണ് പരാതി നല്‍കിയത്. ഇതിനുപിന്നാലെ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷമായി താനും പോറലും പ്രണയത്തിലായിരുന്നുവെന്നും, കഴിഞ്ഞ വര്‍ഷം ഇരുവരും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാവുകയും അതിനുശേഷം ക്രിക്കറ്റ് താരം തന്നില്‍ നിന്ന് അകലാന്‍ തുടങ്ങിയെന്നുമാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്.
വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കിയെങ്കിലും ഇപ്പോള്‍ അദ്ദേഹം അതിന് തയ്യാറാകുന്നില്ലെന്നും യുവതി ആരോപിക്കുന്നു. വിവാഹവാഗ്ദാനം നല്‍കി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിനും തന്നെ മര്‍ദ്ദിച്ചതിനും ക്രിമിനല്‍ ഭീഷണിപ്പെടുത്തിയതിനും ഇദ്ദേഹത്തിനെതിരെ നടപടി വേണമെന്ന് പരാതിയില്‍ ആവശ്യപ്പെടുന്നു. നിലവില്‍ ബെംഗളൂരുവിലുള്ള പോറല്‍ ആരോപണങ്ങള്‍ നിഷേധിക്കുകയും അവ അടിസ്ഥാനരഹിതമാണെന്ന് പറയുകയും ചെയ്തു. പൊലീസ് തന്നെ ഇതുവരെ ബന്ധപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പോറലിന്റെ വാക്കുകള്‍... ''ഞാന്‍ ഇപ്പോള്‍ നന്നായി കളിച്ചുകൊണ്ടിരിക്കുകയാണ്, അതിനാല്‍ പല കാര്യങ്ങളും ഉയര്‍ന്നുവരുന്നുണ്ട്.'' മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. പോലീസ് പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം വിശദമായി പ്രതികരിക്കുമെന്നും 23-കാരനായ താരം വ്യക്തമാക്കി.
ഇടംകൈയ്യന്‍ ബാറ്ററായ പോറല്‍ 2023 മുതല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് വേണ്ടിയാണ് കളിക്കുന്നത്. കഴിഞ്ഞ സീസണില്‍ നാല് ഇന്നിംഗ്സുകളില്‍ നിന്ന് 108 റണ്‍സ് അദ്ദേഹം നേടിയിരുന്നു. 2021-22 സീസണിലാണ് ബംഗാളിനായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്. ഇതുവരെ 32 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും 23 ലിസ്റ്റ് എ മത്സരങ്ങളും അദ്ദേഹം കളിച്ചിട്ടുണ്ട്.
