കോലിയ്ക്ക് ഹേറ്റേഴ്‌സിനെ കൂട്ടി രഹാനെയെ പുറത്തിരുത്തിയ നടപടി

First Published 14, Jan 2018, 11:37 AM IST
cricket fans against  Virat Kohli Ignores Rahane And Bhuvi
Highlights

ദില്ലി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയിറങ്ങിയത് മൂന്ന് മാറ്റങ്ങളുമായാണ്. ഈ മാറ്റങ്ങള്‍ കോലിയുടെ പാളിപ്പോയ തന്ത്രമായി എന്ന് വ്യക്തമാക്കുന്നതായിരുന്നു കഴിഞ്ഞ മത്സരം. ഇതിനിടെ ശക്തമായ പ്രതിഷേധവുമായി ആരാധകര്‍ രംഗത്തെത്തി. ഇന്ത്യന്‍ നായകനെ ആരാധിച്ചിരുന്നവര്‍ പോലും താരത്തെ വിമര്‍ശിച്ചും തീരുമാനത്തെ കളിയാക്കിയും രംഗത്തെത്തിയതോടെ സോഷ്യല്‍ മീഡിയയിലും പുറത്തും കോലിയ്ക്ക് 'ഹേറ്റേഴ്‌സി'ന്റെ എണ്ണം കൂടുകയാണ്. 

തനിയ്ക്ക് പ്രിയപ്പെട്ട താരങ്ങളെ ടീമിലുള്‍പ്പെടുത്തുന്നുവെന്ന ധോണിയ്ക്ക് നേരെ ഉയര്‍ന്ന അതേ ആരോപണമാണ് ഇപ്പോള്‍ കോലിയ്ക്ക് നേരെയും ക്രിക്കറ്റ് ആരാധകര്‍ ഉന്നയിക്കുന്നത്. അജിങ്ക്യ രഹാനെയെ രണ്ടാം ടെസ്റ്റിലും പുറത്തിരുത്തിയതാണ് ഈ പ്രതിഷേധത്തിന് പിന്നില്‍. ടീമിനെ തെരഞ്ഞെടുത്തത് കോലിയുടെ ഭാര്യ അനുഷ്‌കാ ശര്‍മയാണോ എന്നും ആരാധകര്‍ ചോദിക്കുന്നു. 

ഗാംഗുലി, സുനില്‍ ഗാവസ്‌കര്‍, വിരേന്ദര്‍ സെവാഗ് അടക്കമുള്ള പ്രമുഖ താരങ്ങള്‍ കോലിയെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ രഹാനെ മികച്ച പ്രകടനം കാഴ്ച വച്ചിരുന്നു. ഇത് തന്നെയാണ് കോലിയുടെ തീരുമാനത്തെ എതിര്‍ക്കാന്‍ ക്രിക്കറ്റ് ആരാധകരെയും മുന്‍ താരങ്ങളെയും നിര്‍ബന്ധിതരാക്കിയത്. ടീം സെലക്ഷനെ വിമര്‍ശിച്ച് രംഗത്തെത്തിയവരില്‍ മുന്‍ താരം ആര്‍പി സിംഗും ക്രിക്കറ്റ് കോളമിസ്റ്റായ സംബിത് ബാലും, ആനന്ദ് വാസുവുമെല്ലാം ഉണ്ട്.

2013ലെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലായിരുന്നു രഹാന ടീം ഇന്ത്യയ്ക്കായി രണ്ട് മത്സരം കളിച്ചത്. ആദ്യ ടെസ്റ്റില്‍ 47 ഉം 15 ഉം റണ്‍സ് നേടിയ രഹാനെ, ഡര്‍ബനില്‍ നടന്ന രണ്ടാം ടെസ്റ്റിലെ രണ്ട് ഇന്നിംഗ്സുകളിലും 51, 96 റണ്‍സ് വീതം നേടി മികച്ച പ്രകടനം കാഴ്ച വച്ചിരുന്നു. 

മികച്ച രീതിയില്‍ ദക്ഷിണാഫ്രിക്ക ബാറ്റിംഗ് തുടങ്ങിയപ്പോള്‍ കോലിക്ക് മുന്നില്‍ എല്ലാ തന്ത്രങ്ങളും പൊളിയുകയായിരുന്നു. മികച്ച പേസും ബൗണ്‍സും പ്രതീക്ഷിച്ചാണ് കോലി ഇശാന്തിനെയുള്‍പ്പെടുത്തിയത് എന്ന് വ്യക്തം. എന്നാല്‍ കേപ്ടൗണില്‍ നിന്ന് തികച്ചും വ്യത്യസ്തമായ ഫ്‌ലാറ്റ് പിച്ചാണ് സെഞ്ചൂറിയനില്‍ ഒരുക്കിയത്. ആറടിയിലേറെ ഉയരമുള്ള ഇശാന്തിന് പോലും വേണ്ടത്ര ബൗണ്‍സ് ലഭിച്ചിരുന്നില്ല.
 
കേപ്ടൗണ്‍ ടെസ്റ്റില്‍ ആറ് വിക്കറ്റുകള്‍ വീഴ്ത്തിയ ഭുവിയുടെ പ്രകടനം നിര്‍ണായകമായിരുന്നു. ആദ്യ ഇന്നിംഗ്‌സില്‍ 87 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ഭുവിയാണ് ദക്ഷിണാഫ്രിക്കയെ 286ല്‍ എറിഞ്ഞിട്ടത്. കേപ്ടൗണില്‍ ഓപ്പണര്‍മാരായ ഡീന്‍ എള്‍ഗര്‍, എയ്ഡന്‍ മര്‍ക്രാം എന്നിവരെയും ലോകോത്തര ബാറ്റ്‌സ്മാന്‍മാരായ ഹാഷിം അംല, ഡിക്കോക് എന്നിവരെയാണ് ഭുവി പുറത്താക്കിയത്. 

കേപ്ടൗണില്‍ മികച്ച സ്വിംങും മൂവ്‌മെന്റും ഭുവിക്ക് ലഭിച്ചിരുന്നു. എന്നാല്‍ സെഞ്ചൂറിയനില്‍ ഭുവിയുടെ അഭാവത്തില്‍ മത്സരത്തിന്റെ തുടക്കത്തില്‍ നിര്‍ണായക വിക്കറ്റുകള്‍ വീഴ്ത്തി മേധാവിത്വം നേടാന്‍ ഇന്ത്യക്കായില്ല. എന്നാല്‍ പന്തിന്‍ മേല്‍ കൂടുതല്‍ നിയന്ത്രണമുള്ള ഭുവിയെ സെഞ്ചൂറിയനില്‍ ഒഴിവാക്കിയത് തിരിച്ചടിയായി. മികച്ച തുടക്കം ലഭിച്ച ദക്ഷിണാഫ്രിക്കയെ തളച്ചത് സ്പിന്നര്‍ ആര്‍ അശ്വിന്റെ ബൗളിംഗ് പ്രകടനമാണ്.
 

loader