മാഡ്രിഡ്: ലയണല്‍ മെസിക്ക് പിന്നാലെ ക്രിസ്റ്റ്യാനോ റൊണാൾഡോയും നികുതി വെട്ടിപ്പ് കേസിൽ കുരുങ്ങി. റയൽ മാഡ്രിഡ് താരത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്തതായി സ്പാനിഷ് പ്രോസിക്യൂട്ടർ അറിയിച്ചു. 2011-14 കാലയളവില്‍ റൊണാള്‍ഡോ 1470 ലക്ഷം യൂറോയുടെ വെട്ടിപ്പ് നടത്തിയെന്നാണ് കേസ്. എന്നാൽ തനിക്കെതിരെ കേസ് എടുത്തതിൽ ഭയപ്പെടുന്നില്ലെന്നും തനിക്ക് മറയ്ക്കാൻ ഒന്നുമില്ലെന്നും റൊണാൾഡോ പറഞ്ഞു.
കേസെടുക്കുന്നതിനു മുന്‍പ് റൊണാള്‍ഡോയുടെ വെട്ടിപ്പ്, സാങ്കേതിക പിഴവാണോയെന്ന് നികുതി വകുപ്പ് പരിശോധിച്ചിരുന്നു. എന്നാൽ ഈ പരിശോധനയിൽ താരം നികുതി വെട്ടിപ്പ് നടത്തിയതായി കണ്ടെത്തിയതോടെയാണ് കേസെടുത്തത്. നികുതി വെട്ടിച്ചതായി തെളിഞ്ഞാല്‍ അഞ്ചു വര്‍ഷമെങ്കിലും റൊണാള്‍ഡോക്ക് ജയില്‍ ശിക്ഷ ലഭിക്കും.
നേരത്തെ നികുതി വെട്ടിപ്പ് കേസില്‍ ബാഴ്സലോണ സ്ട്രൈക്കര്‍ ലയണല്‍ മെസിക്ക് സ്പാനിഷ് കോടതി 21 മാസത്തെ തടവും 20 ലക്ഷം യൂറോ പിഴയും വിധിച്ചിരുന്നു.
