ലോകകപ്പിൽ ചുവന്ന പടക്കുതിരകളാകാൻ കച്ചകെട്ടിയിറങ്ങിയ ബെൽജിയമായിരുന്നു കളം നിറഞ്ഞ് കളിച്ചത്. കരുത്ത് കുറഞ്ഞെവരെങ്കിലും ഇത്രയും വലിയ തോൽവി എസ്റ്റോണിയ സ്വപ്നത്തിൽപോലും പ്രതീക്ഷിച്ചുകാണില്ല..എട്ടാം മിനിറ്റിൽ തോമസ് മ്യൂനിയർ ഗോൾ വേട്ടക്ക് തുടക്കമിട്ടു.കൃത്യമായ ഇടവേളകളിൽ ഡ്രൈസ് മെർട്ടനും റൊമേലു ലുക്കാക്കുവും രണ്ടുതവണ വീതം നിറയൊഴിച്ചു.ഇതിനിടെ റാഗ്നർ ക്ലവന് മാത്രം പിഴച്ചു.സെൽഫ് ഗോൾ. പ്രത്യാക്രമണത്തിന് മുതിർന്ന എസ്റ്റോണിയക്ക് ഒരു ഗോളിൽ തൃപ്തിപ്പെടേണ്ടി വന്നു.

ക്രിസ്റ്റ്യാനോ റൊണാൾഡോവിന്റെ ഇരട്ട ഗോൾ മികവിലാണ് പോർച്ചുഗൽ ലാത്‍‍വിയയെ കീഴടക്കിയത്. തുടക്കം മുതൽ ആക്രമിച്ച് കളിച്ച ക്രിസ്റ്റ്യാനോ 28മത്തെ മിനിറ്റിൽ അക്കൗണ്ട് തുറന്നു. ബ്രൂണോ ആൽവേസും തന്‍റെ ഭാഗം ഭംഗിയാക്കിയപ്പോൾ പോർച്ചുഗലിന് മിന്നും ജയം.

ആര്യൻ റോബനിലൂടെ സ്കോർ ചെയ്ത ഡച്ച് പട, ലക്സംബർഗിന് ഒരു ഗോളിക്കാൻ മാത്രം അവസരം നൽകി. ഡീപേ രണ്ടുതവണ ഹോളണ്ടിന് വേണ്ടി വലകുലുക്കി. ബോസ്നിയ -ഹെർസെഗോവിനക്കെതിരെ ഗ്രീസിന് സമനില വഴങ്ങേണ്ടി വന്നു, ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി.