പാരിസ്: ബാഴ്‌സയുടെ അര്‍ജന്‍റീനന്‍ സ്‌ട്രൈക്കര്‍ ലിയോണല്‍ മെസിയും യുവന്‍റസിന്‍റെ പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും തന്നെയാണ് ഇപ്പോഴും ലോകത്തെ മികച്ച താരങ്ങളെന്ന് ഫ്രാന്‍സിന്‍റെ കൗമാര വിസ്‌മയം കിലിയന്‍ എംബാപ്പെ. എന്നാല്‍ ഇത്തവണ ഇരുവരിലൊരാള്‍ ബാലണ്‍ ഡി ഓര്‍ നേടില്ലെന്ന് പിഎസ്‌ജി താരം വാര്‍ത്താ ഏജന്‍സിയായ എഎഫ്‌പിയോട് പറഞ്ഞു. ലോകകപ്പില്‍ മികവ് കാട്ടിയ തനിക്ക് പുരസ്‌കാരം നേടാന്‍ സാധ്യതയുണ്ടെന്ന് എംബാപ്പെ ആത്മവിശ്വാസം പ്രകടിപ്പിച്ചു. 

കഴിഞ്ഞ 10 ബാലണ്‍ ഡി ഓര്‍ പുരസ്‌കാരങ്ങളും നേടിയത് മെസിയും റോണോയുമായിരുന്നു. ഈ വര്‍ഷവും മെസിയും റോണോയുമാണ് ലോകത്തെ മികച്ച താരങ്ങള്‍. എന്നാല്‍ ഇത് ലോകകപ്പ് വര്‍ഷമാണ്, ഫ്രഞ്ച് ടീം ലോകകപ്പ് നേടി ചരിത്രം കുറിച്ചു. ലോകകപ്പില്‍ മികവ് കാട്ടിയ ഒരു താരത്തിനാവും ബാലണ്‍ ഡി ഓര്‍. വോട്ടിംഗിന്‍റെ അവസാന ദിവസംവരെ താന്‍ പുരസ്‌കാരം നേടാനുള്ള എല്ലാ കാര്യങ്ങളും ചെയ്തിട്ടുണ്ട്- എംബാപ്പെ പറഞ്ഞു. ഡിസംബര്‍ മൂന്നിന് പാരിസിലാണ് പുരസ്‌കാര പ്രഖ്യാപനം.  

മെസി യൂറോപ്പിലും റോണോ ചാമ്പ്യന്‍സ് ലീഗിലും കൂടുതല്‍ ഗോളുകള്‍ നേടിയവരാണ്. ക്രൊയേഷ്യയെ ലോകകപ്പ് ഫൈനലിലെത്തിച്ച റയല്‍ മാഡ്രിഡ് താരം ലൂക്കാ മോഡ്രിച്ചും ശക്തമായി മത്സരരംഗത്തുണ്ട്. ലോകകപ്പിലെയും യൂറോപ്പിലെയും മികച്ച താരത്തിനുള്ള പുരസ്‌കാരം മോഡ്രിച്ചിനായിരുന്നു. ലോകകപ്പില്‍ നാല് ഗോളുമായി മികച്ച യുവതാരത്തിനുള്ള പുരസ്‌കാരം എംബാപ്പെയ്ക്ക് ലഭിച്ചിരുന്നു. യൂറോപ്പിലെ മികച്ച അണ്ടര്‍ 21 താരത്തിനുള്ള പുരസ്‌കാരം തുടര്‍ച്ചയായ രണ്ടാം വര്‍ഷവും പത്തൊമ്പതുകാരന്‍ സ്വന്തമാക്കി.

എംബാപ്പെയെ കൂടാതെ ലോകപ്പ് നേടിയ ഫ്രഞ്ച് ടീമില്‍ നിന്ന് ആറ് പേരും അവസാന മുപ്പതിലുണ്ട്. ഹ്യൂഗോ ലോറിസ്, റാഫേല്‍ വരാനെ, പോള്‍ പോഗ്ബ, എന്‍ഗോളോ കാന്‍റേ, കരീം ബെന്‍സീമ, അന്‍റോണി ഗ്രീസ്‌മാന്‍ എന്നിവരാണവര്‍. ഇവരില്‍ എംബാപ്പെയ്ക്ക് പുറമെ ഫ്രാന്‍സിന്‍റെ ലോകകപ്പ് വിജയത്തില്‍ നിര്‍ണായകമായ ഗ്രീസ്‌മാനും വലിയ സാധ്യതകള്‍ കല്‍പിക്കപ്പെടുന്നുണ്ട്. പ്രീമിയര്‍ ലീഗില്‍ കൂടുതല്‍ ഗോള്‍ നേടിയ സലായും കടുത്ത മത്സരത്തിനുണ്ട്. 1998ല്‍ സിനദീന്‍ സിദാനാണ് അവസാനം ബാലണ്‍ ഡി ഓര്‍ നേടിയ ഫ്രഞ്ച് താരം.