ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ വരവിനെ തുടര്‍ന്ന്  യുവന്‍റസിലേക്കുള്ള അമിതശ്രദ്ധ ടീമിന് നല്ലതല്ലെന്ന് കോച്ച് മാസിമില്ല്യാനോ അല്ലെഗ്രി

കാല്‍പന്തുലോകത്തെ ഏറ്റവും മികച്ച താരങ്ങളിലൊരാള ക്രിസ്റ്റ്യാനോ ഇറ്റലിയിലേക്ക് കൂടുമാറിയിട്ട് അധികം നാളായിട്ടില്ല. ലോകകപ്പിനിടയിലായിരുന്നു യുവന്‍റസിലേക്കുള്ള ക്രിസ്റ്റിയുടെ വരവ്. ഇതോടെ യുവന്‍റസിന് ലോകശ്രദ്ധ കൈവന്നിരിക്കുകയാണ്.

ലോക ഫുട്ബോളറുടെ സാന്നിധ്യം തന്നെയാണ് ഇറ്റാലിയന്‍ വമ്പന്‍മാരെ ഇപ്പോള്‍ വ്യത്യസ്തരാക്കുന്നത്. ഇറ്റാലിയന്‍ സീരിസ് എയില്‍ ഓഗസ്റ്റ് 19ന് ചീവോയ്ക്കെതിരെ അരങ്ങേറാനായി സിആര്‍ കാത്തുനില്‍ക്കുകയാണ്.

അതിനിടയിലാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സാന്നിധ്യത്തെക്കുറിച്ച് കോച്ച് മാസിമില്ല്യാനോ അല്ലെഗ്രി പ്രതികരണവുമായി രംഗത്തെത്തിയത്. ക്രിസ്റ്റ്യാനോയുടെ വരവിനെ തുടര്‍ന്ന് യുവന്‍റസിലേക്കുള്ള അമിതശ്രദ്ധ ടീമിന് നല്ലതല്ലെന്നാണ് മാസിമില്ല്യാനോയുടെ പക്ഷം.

ഇന്ന് ലോകത്തേറ്റവും ശ്രദ്ധനേടുന്ന ക്ലബായി യുവന്‍റസ് മാറിയെന്നും അത് സമ്മര്‍ദ്ദമുണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ചാമ്പ്യന്‍സ് ലീഗിലടക്കം വലിയ സാധ്യത തുറന്നെടുക്കാന്‍ ടീമിന് സാധിക്കുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.