റയല്‍ മാഡ്രിഡിന്‍റെ ചടങ്ങിനെത്താതെ റൊണാള്‍ഡോ ക്ലബ് വിടുന്നുവെന്ന് അഭ്യൂഹം

മാഡ്രിഡ്: ക്രിസ്റ്റ്യാനോ റൊണാൾഡോ റയൽ മാഡ്രിഡ് വിടുമെന്ന അഭ്യൂഹം ശക്തമാവുന്നു. ക്ലബിൽ തുടരുന്ന കാര്യം ഉടൻ പ്രഖ്യാപിക്കുമെന്ന് പറഞ്ഞതിന് പിന്നാലെ, റയലിന്‍റെ പുതിയ ജേഴ്സി പ്രകാശനത്തിൽ നിന്ന് റൊണാൾഡോ വിട്ടുനിന്നു. അടുത്ത സീസണിലെ ഹോം ആൻഡ് എവേ മത്സരങ്ങൾക്കുള്ള ജേഴ്സി പുറത്തിറക്കിയപ്പോൾ ക്രിസ്റ്റ്യാനോ റൊണാൾഡോ മാത്രമാണ് അഭാവംകൊണ്ട് ശ്രദ്ധേയനായത്. ഇതോടെയാണ് റൊണാൾഡോ റയൽ വിടുമെന്ന അഭ്യൂഹം ശക്തമായത്.

ഇതേസമയം, ഈ സീസണോടെ ടീം വിടുമെന്ന് സൂചിപ്പിച്ച ഗാരെത് ബെയ്ൽ വീഡിയോയിലും ചടങ്ങിലും പങ്കെടുത്തു. ഹോം മത്സരങ്ങൾക്ക് പതിവ് വെള്ള ജേഴ്സിയും എവേ മത്സരങ്ങൾക്ക് കറുപ്പ് ജേഴ്സിയുമാണ് റയൽ വരും സീസണിൽ ധരിക്കുക. ചാമ്പ്യൻസ് ലീഗിൽ ഹാട്രിക് കീരീടം നേടിയ ശേഷമാണ് താൻ റയലിൽ തുടർന്നേക്കില്ലെന്ന സൂചന നൽകിയത്. 33കാരനായ റൊണാൾഡോ 2009ലാണ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന്
സ്പാനിഷ് ക്ലബിലെത്തിയത്.