ഇത്തവണ താന്‍ താമസിച്ച ഹോട്ടലുകാര്‍ നല്‍കിയ മികച്ച സേവനത്തിന് ജീവനക്കാര്‍ക്ക് നല്‍കിയ ടിപ്പിന്റെ വലുപ്പം കൊണ്ടാണ് റൊണാള്‍ഡോ ആരാധകരെ അമ്പരപ്പിച്ചിരിക്കുന്നത്. 

മാഡ്രിഡ്: റയലില്‍ നിന്ന് യുവന്റസിലേക്കുള്ള കൂടുമാറ്റത്തിന് പിന്നാലെ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഇത്തവണ താന്‍ താമസിച്ച ഹോട്ടലുകാര്‍ നല്‍കിയ മികച്ച സേവനത്തിന് ജീവനക്കാര്‍ക്ക് നല്‍കിയ ടിപ്പിന്റെ വലുപ്പം കൊണ്ടാണ് ആരാധകരെ അമ്പരപ്പിച്ചിരിക്കുന്നത്.

ലോകകപ്പില്‍ നിന്ന് പോര്‍ച്ചുഗല്‍ പുറത്തായശേഷം ഗ്രീസിലെ പെലോപ്പൊന്നീസിലുള്ള ആഡംബരഹോട്ടലായ കോസ്റ്റ നവറിനോയില്‍ അവധിക്കാലം ആഘോഷിച്ച റൊണാള്‍ അവിടെ ലഭിച്ച സേവനങ്ങള്‍ക്ക് ജീവനക്കാര്‍ക്ക് 16,12,237.75 രൂപ(17,850 പൗണ്ട്)യാണ് ടിപ്പായി നല്‍കിയത്. റൊണാള്‍ഡോക്കും കുടുംബത്തിനും സേവനങ്ങള്‍ നല്‍കാനായി 10 ജീവനക്കാരെയാണ് ഹോട്ടല്‍ അധികൃതര്‍ നിയോഗിച്ചിരുന്നത്. ടിപ്പായി നല്‍കിയ തുട ഇവര്‍ 10 പേരും തുല്യമായി വീതിച്ചെടുക്കും. ലോകകപ്പിനുശേഷം അവധിക്കാലം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങള്‍ റൊണാള്‍ഡോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നു.

ട്രാന്‍സ്ഫര്‍ വിപണിയിലെ ഊഹാപോഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ടാണ് റൊണാള്‍ഡോ യുവന്റസിലേക്ക് ചേക്കേറിയത്. 805 കോടി രൂപയ്ക്കാണ് യുവന്റസ് താരത്തെ റയല്‍ മാഡ്രിഡിലും നിന്നും സ്വന്തമാക്കിയത്. താരം ക്ലബ്ബ് വിടുമെന്ന് ഇക്കഴിഞ്ഞ ചാമ്പ്യന്‍സ് ലീഗിന് ശേഷം ഉയരാന്‍ തുടങ്ങിയ അഭ്യൂഹങ്ങള്‍ക്കാണ് ഇതോടെ വിരാമമായത്.