കാര്‍ഡിഫ്: ഫുട്ബോള്‍ ഗ്രൗണ്ടിലിറങ്ങിയില്‍ റയല്‍ മാഡ്രിഡും ബാഴ്സലോണയും ബദ്ധവൈരികളാണ്. അതുപോലെ തന്നെയാണ് ബാഴ്സയുടെ താരമായ മെസ്സിയുടെയും റയലിന്റെ താരമായ റൊണാള്‍ഡോയുടെയും കാര്യം. ആരാണ് കേമനെന്ന കാര്യത്തില്‍ ആരാധകര്‍ ഇപ്പോഴും തര്‍ക്കിച്ചുകൊണ്ടേയിരിക്കുന്നു. എന്നാല്‍ കളത്തിന് പുറത്ത് മെസിയും റൊണാള്‍ഡോയും സുഹൃത്തുക്കളാണോ. ആണെന്നാണ് ഉത്തരം, പറയുന്നത് മറ്റാരുമല്ല, റൊണാള്‍ഡോ തന്നെയാണ്.
ചാമ്പ്യന്‍സ് ലീഗ് ഫൈനലിന് മുന്നോടിയായി ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് റൊണാള്‍ഡോ മെസ്സിയെക്കുറിച്ചുള്ള തന്റെ അഭിപ്രായം വ്യക്തമാക്കിയത്. എല്ലാ മികച്ച കളിക്കാരുടെയും കളി കാണാന്‍ എനിക്കിഷ്ടമാണ്. മെസിയും അതിലുള്‍പ്പെടും. മെസിയോടൊപ്പമുള്ള നിമിഷങ്ങളിലെല്ലാം ഞങ്ങള്‍ തമ്മില്‍ അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കാറുണ്ട്. അതിനര്‍ഥം ഞാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ പോവാറുണ്ടെന്നോ ഭക്ഷണം കഴിക്കാറുണ്ടെന്നോ എന്നൊന്നുമല്ല. സുഹൃത്തായല്ല അദ്ദേഹത്തെ ഒരു പങ്കാളിയും സഹതാരവുമായാണ് താന്‍ കാണുന്നതെന്നും റൊണാള്‍ഡോ പറഞ്ഞു. അദ്ദേഹത്തെ ശത്രുവായി കാണാന്‍ എനിക്കിഷ്ടമല്ല, അതുപോലെ അദ്ദേഹവുമായുള്ള താരതമ്യവും-റൊണാള്‍ഡോ പറഞ്ഞു.
മെസിയെ ശത്രുതയോടെ കാണേണ്ട യാതൊരു കാര്യവും തനിക്കില്ലെന്നും റൊണാള്‍ഡോ പറഞ്ഞു. തനിക്കെതിരെ ഒരു മോശം പ്രവര്‍ത്തിയും ചെയ്യാത്ത ഒരു താരത്തിനെ ഞാന്‍ എന്തിനു വെറുക്കണമെന്നും റൊണാള്‍ഡോ ചോദിച്ചു. മെസിയും താനും തമ്മില്‍ ശത്രുതയിലാണെന്ന പ്രചാരണം മാധ്യമസൃഷ്ടി മാത്രമാണെന്നും റൊണാള്‍ഡോ പറഞ്ഞു.
