റൊണാള്‍ഡോ പോളണ്ടിനെതിരെയും സ്കോട്ട്‍ലന്‍ഡിനെതിരെയുമുള്ള മത്സരങ്ങളില്‍ ടീമിലുണ്ടാവില്ലെന്ന് പരിശീലകന്‍ ഫെര്‍ണാണ്ടോ സാന്‍റോസ് സ്ഥിരീകരിച്ചിട്ടുമുണ്ട്

ലിസ്ബണ്‍: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കെതിരെ ലെെംഗിക ആരോപണം വീണ്ടും ശക്തിപ്പെടുന്നതിനിടെ ദേശീയ ടീമില്‍ താരത്തിന് വലിയ തിരിച്ചടി. ആരോപണങ്ങള്‍ ഉയരുന്നതിനിടെ താരം പോര്‍ച്ചുഗലിന്‍റെ അടുത്ത നാല് രാജ്യാന്തര മത്സരങ്ങളില്‍ കളിക്കില്ല.

2009ല്‍ ലാസ് വെഗാസില്‍ വെച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ബലാത്സംഗം ചെയ്തുവെന്ന് അമേരിക്കന്‍ സ്വദേശിനിയായ യുവതിയാണ് ആരോപണവുമായി രംഗത്തെത്തിയത്. അതേസമയം, ആരോപണങ്ങള്‍ റൊണാള്‍ഡോ നിഷേധിച്ചിട്ടുണ്ട്. അവരുമായുള്ള ലൈംഗിക ബന്ധം പരസ്പര സമ്മതത്തോടെയുള്ളതാണെന്നാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അഭിഭാഷകന്റെ വാദം.

എന്നാല്‍ ഈ വാദത്തെ ഖണ്ഡിക്കുന്ന രേഖ യുവതിയുടെ അഭിഭാഷകന്‍ ഹാജരാക്കിയിരുന്നു. ഇക്കാര്യങ്ങള്‍ വലിയ വിവാദത്തിന് വഴിവെച്ചതോടെ നവംബര്‍ വരെ തന്നെ ദേശീയ ടീമിലേക്ക് പരിഗണിക്കേണ്ടതില്ലെന്ന് റൊണാള്‍ഡോ തന്നെ ഫുട്ബോള്‍ ഫെഡറേഷന്‍ പ്രസിഡന്‍റ് ഫെര്‍ണാണ്ടോ ഗോമസിനോട് ആവശ്യപ്പെടുകയായിരുന്നുവെന്നാണ് പോര്‍ച്ചുഗീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

റൊണാള്‍ഡോ പോളണ്ടിനെതിരെയും സ്കോട്ട്‍ലന്‍ഡിനെതിരെയുമുള്ള മത്സരങ്ങളില്‍ ടീമിലുണ്ടാവില്ലെന്ന് പരിശീലകന്‍ ഫെര്‍ണാണ്ടോ സാന്‍റോസ് സ്ഥിരീകരിച്ചിട്ടുമുണ്ട്. തനിക്ക് ദേശീയ ടീമിനോടുള്ള പ്രതിജ്ഞാബദ്ധതയില്ലായ്മയാണ് അഭാവത്തിന് കാരണമെന്ന് കരുതരുതെന്നും റൊണാള്‍ഡോ പരിശീലകനോട് വിശദീകരിച്ചിട്ടുണ്ട്.

ഭാവിയില്‍ ദേശീയ ടീമന് വേണ്ടി മികച്ച പ്രകടനങ്ങള്‍ നടത്താന്‍ യാതൊന്നും താരത്തിന് തടസമാകില്ലെന്ന് ടീം പ്രഖ്യാപന വേളയില്‍ പരിശീലകന്‍ സാന്‍റോസ് വ്യക്തമാക്കി.