ക്രോയേഷ്യക്കെതിരെ ക്രിസ്റ്റ്യനോ റൊണാൾഡോ ഇല്ലാതെ പോർച്ചുഗൽ. മറ്റൊരു മത്സരത്തിൽ  പെറുവിനെതിരെ നെതർലൻഡ്സ്. വെസ്ലി സ്നൈഡര്‍ക്ക് അവസാന രാജ്യാന്തര മത്സരം. 

ലിസ്‌ബണ്‍: ലോകകപ്പ് ഫൈനലിന് ശേഷം ക്രോയേഷ്യ ഇന്ന് ആദ്യ മത്സരത്തിനിറങ്ങുന്നു. ക്രോയേഷ്യ സൗഹൃദ മത്സരത്തിൽ കരുത്തരായ പോർച്ചുഗലിനെ നേരിടും. ഇന്ത്യൻ സമയം രാത്രി പന്ത്രണ്ടേകാലിനാണ് കളി തുടങ്ങുക. നായകന്‍ ക്രിസ്റ്റ്യനോ റൊണാൾഡോ ഇല്ലാതെയാണ് പോർച്ചുഗൽ ഇറങ്ങുക. ഈ മാസം പത്തിന് ഇറ്റലിക്കെതിരായ മത്സരത്തിലും റൊണാൾഡോ കളിക്കില്ല. 

അതേസമയം ക്യാപ്റ്റൻ ലൂക്ക മോഡ്രിച്ചും സൂപ്പര്‍താരം ഇവാൻ റാക്കിറ്റിച്ചും ക്രോയേഷ്യൻ ടീമിലുണ്ട്. റാക്കിറ്റിച്ചിന്‍റെ നൂറാം രാജ്യാന്തര മത്സരം കൂടിയായിരിക്കും ഇത്. മറ്റൊരു മത്സരത്തിൽ പെറുവിനെ നെതർലൻഡ്സ് നേരിടും. ഡച്ച് താരം വെസ്ലി സ്നൈഡര്‍ ഈ മത്സരത്തോടെ രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കും. സ്നൈഡർ 134 മത്സരങ്ങളിൽ നെതർലൻഡ്സിനായി കളിച്ചിട്ടുണ്ട്.