സച്ചിനെ അറിയില്ലെന്ന് പറഞ്ഞ ടെന്നീസ് താരം മരിയ ഷറപ്പോവയ്ക്കെതിരെ നടന്ന പോലെ മലയാളികളുടെ നേതൃത്വത്തിലാണ് ഫേസ്ബുക്ക് പേജില്‍ പൊങ്കാല നടത്തുന്നത്. ഇന്ത്യ കട്ട് മുടിച്ചത് താങ്കളുടെ രാജ്യക്കാര്‍ ആണെന്നാണ് ബ്രിട്ടന്‍കാരനായ ഹാമില്‍ട്ടനെതിരെ പ്രധാനമായും പ്രതിഷേധക്കാര്‍ ഉയര്‍ത്തുന്ന വിമര്‍ശനം

ലണ്ടന്‍: ഇന്ത്യയെ ദരിദ്രരാജ്യമെന്ന് വിളിച്ച ഫോര്‍മുല വണ്‍ ചാമ്പ്യന്‍ ലൂയിസ് ഹാമില്‍ട്ടനെതിരെ വന്‍ പ്രതിഷേധം. ലൂയിസ് ഹാമില്‍ട്ടന്‍റെ ഫേസ്ബുക്ക് പേജിലും ട്വിറ്ററിലും മലയാളികള്‍ അടക്കമുള്ളവര്‍ വലിയ പ്രതിഷേധമാണ് അറിയിച്ച് കൊണ്ടിരിക്കുന്നത്.

Add Asianetnews as a Preferred SourcegooglePreferred

ഇന്ത്യയെ പോലെയുള്ള ദരിദ്ര രാജ്യത്ത് എന്തിനാണ് എഫ്‍വണ്‍ മത്സരം നടത്തുന്നത് എന്ന ചോദ്യം ഹാമില്‍ട്ടന്‍ ഉന്നയിച്ചിരുന്നു കാറോട്ട മത്സരത്തിന്‍റെ പാരമ്പര്യമില്ലാത്ത രാജ്യങ്ങളില്‍ എഫ്‍വണ്‍ മത്സരങ്ങള്‍ നടത്തേണ്ടതില്ലെന്നാണ് താരത്തിന്‍റെ നിലപാട്.

2019 സീസണില്‍ വിയറ്റ്നാം ഗ്രാന്‍പീ ഉള്‍പ്പെടുത്താനുള്ള തീരുമാനം വന്നതോടെയാണ് അഞ്ച് വട്ടം പോര്‍മുല വണ്‍ ചാമ്പ്യനായ ഹാമില്‍ട്ടന്‍ പ്രതികരണം നടത്തിയത്. ബ്രിട്ടന്‍, അമേരിക്ക, ഇറ്റലി, ജര്‍മനി എന്നിങ്ങനെ കാറോട്ട പാരമ്പര്യമുള്ള രാജ്യങ്ങളില്‍ കൂടുതല്‍ മത്സരങ്ങള്‍ നടത്താമെന്നും താരം പറഞ്ഞിരുന്നു.

ഇതിനിടെയില്‍ ഇന്ത്യക്കെതിരായ വിവാദ പരാമര്‍ശം കടന്നു കൂടി. ഇതോടെ സാമൂഹ്യ മാധ്യമങ്ങളില്‍ താരത്തിനെതിരെ വ്യാപക ആക്രമണം മലയാളികള്‍ അടക്കം അഴിച്ചു വിട്ടു. സച്ചിനെ അറിയില്ലെന്ന് പറഞ്ഞ ടെന്നീസ് താരം മരിയ ഷറപ്പോവയ്ക്കെതിരെ നടന്ന പോലെ മലയാളികളുടെ നേതൃത്വത്തിലാണ് ഫേസ്ബുക്ക് പേജില്‍ പൊങ്കാല നടത്തുന്നത്.

ഇന്ത്യ കട്ട് മുടിച്ചത് താങ്കളുടെ രാജ്യക്കാര്‍ ആണെന്നാണ് ബ്രിട്ടന്‍കാരനായ ഹാമില്‍ട്ടനെതിരെ പ്രധാനമായും പ്രതിഷേധക്കാര്‍ ഉയര്‍ത്തുന്ന വിമര്‍ശനം. കൂടാതെ, ഇന്ത്യന്‍ ഗ്രാന്‍പീയില്‍ ജയിക്കാത്തതിന്‍റെ അസൂയ, സംസ്കാരം കൊണ്ട് ലോകത്തിലെ ഏറ്റവും സമ്പന്ന രാഷ്ട്രമാണ് ഇന്ത്യ, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ എന്നിങ്ങനെ പേജുകളിലെ കമന്‍റുകള്‍ നീണ്ട് പോകുന്നു.

ആക്രമണം തുടര്‍ന്നതോടെ ട്വിറ്ററിലൂടെ ഹാമില്‍ട്ടന്‍ വിശദീകരണവുമായി രംഗത്തെത്തി. തന്‍റെ ഇന്ത്യയെ കുറിച്ചുള്ള പ്രതികരണം ആളുകള്‍ക്ക് പ്രയാസമുണ്ടാക്കിയെന്ന് മനസിലായി. ലോകത്തെ ഏറ്റവും മനോഹരമായ രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ.

അവിടുത്തെ സംസ്കാരം അത്ഭുതം ജനിപ്പിക്കുന്നതാണ്. വളരെ വേഗത്തില്‍ വളരുന്ന സാമ്പത്തിക ശക്തിയാണ് ഇന്ത്യ എന്നതിനൊപ്പം അവിടെ ദാരിദ്ര്യവുമുണ്ട്. വീട് ഇല്ലാത്ത ഒരുപാട് പേരുടെ മുന്നില്‍ ഗ്രാന്‍പീ നടത്തുന്നത് വിചിത്രമായ കാര്യമാണ്. ഇപ്പോള്‍ ഉപയോഗിക്കാത്ത ഒരു ട്രാക്കിന് വേണ്ടി നൂറകണക്കിന് മില്യണ്‍ ആണ് ചെലവഴിച്ചത്. ഈ പണം സ്കൂളുകളും വീടുകളും നിര്‍മിക്കാന്‍ ഉപയോഗപ്പെടുത്താമായിരുന്നുവെന്നും ഹാമില്‍ട്ടന്‍ കുറിച്ചു. 

Scroll to load tweet…